കോവിഡ്; ഇന്ത്യ ഔദ്യോഗികമായി പറയുന്നതിനേക്കാൾ പത്തിരട്ടി മരണമെങ്കിലും ഇന്ത്യയിൽ സംഭവിച്ചിട്ടുണ്ടെന്ന് ഡബ്ല്യുഎച്ച്ഒ


ഇന്ത്യയിലെ കോവിഡ് മരണങ്ങളുടെ കണക്കിനെ അപ്പാടെ തള്ളി ലോകാരോഗ്യ സംഘടന. എന്നാൽ, സംഘടനയുടെ കണക്കെടുപ്പ് രീതി ആശാസ്ത്രീയമെന്ന് കേന്ദ്രസർക്കാർ. ഇതിനെതിരേ ഉചിതമായ വേദികൾ പ്രതിഷേധിക്കാനും ഇന്ത്യ ഒരുങ്ങുകയാണ്. ഇന്ത്യ ഒൗദ്യോഗികമായി പറയുന്നതിനേക്കാൾ പത്തിരട്ടി മരണമെങ്കിലും ഇന്ത്യയിൽ സംഭവിച്ചിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടന വിലയിരുത്തിയത്. 2020 ജനുവരിക്കും 2021 ഡിസംബറിനും ഇടയിൽ 47 ലക്ഷം അധിക കോവിഡ് മരണങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് ഡബ്ൽയുഎച്ച്ഒ വ്യാഴാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. ആഗോളതലത്തിൽ നോക്കിയാൽ ആകെ കോവിഡ് മരണങ്ങളുടെ മൂന്നിലൊന്ന് ഇന്ത്യയിലാണെന്നും ഈ റിപ്പോർട്ട് പറയുന്നു. ആഗോള കണക്കിലും വ്യത്യാസമുണ്ട്. 60 ലക്ഷമാണ് ഒൗദ്യോഗിക കണക്കിൽ പറയുന്നത്. എന്നാൽ, 1.5 കോടി പേർ മരിച്ചിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിഗമനം. 

അതേസമയം, കോവിഡ് മരണം കണക്കാക്കാൻ ലോകാരോഗ്യ സംഘടന അടിസ്ഥാനമാക്കിയ ഗണിതശാസ്ത്ര മാതൃകയെ ഇന്ത്യ തള്ളിക്കളയുകയാണ്. യാഥാർഥ്യവുമായി യാതൊരു പൊരുത്തവുമില്ലാത്ത കണക്കാണ് ഇതെന്ന് ഇന്ത്യ വിമർശിക്കുന്നു. സ്ഥിതിവിവരക്കണക്കിന് അനുയോജ്യമല്ലാത്ത രീതിയാണ് ലോകാരോഗ്യ സംഘടന കണക്കെടുപ്പിന് അടിസ്ഥാനമാക്കിയതെന്നാണ് ഇന്ത്യയുടെ നിലപാട്. ഇതിനെതിരേ അന്താരാഷ്‌ട്ര വേദികളിൽ പ്രതിഷേധം ശക്തമാക്കാനും ഇന്ത്യ ഒരുങ്ങുകയാണ്. 

2020ൽ, സിവിൽ രജിസ്ട്രേഷൻ സംവിധാനത്തിനു കീഴിൽ ഇന്ത്യയിൽ 4,74,806 മരണങ്ങൾ സാധാരണയിലും അധികമായി രേഖപ്പെടുത്തിയിരുന്നു. ഇതിന്‍റെ പത്തിരട്ടി മരണം സംഭവിച്ചിട്ടുണ്ടെന്നാണ് ലോകരോഗ്യ സംഘടനയുടെ കണ്ടെത്തൽ. എന്നാൽ, 17 സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട ചില വെബ്സൈറ്റുകളെയും മാധ്യമവാർത്തകളെയും ആശ്രയിച്ചു തയാറാക്കിയ ലോകാരോഗ്യ സംഘടനാ റിപ്പോർട്ടിനെ ചോദ്യം ചെയ്യുകയാണെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പ്രതികരിച്ചു. ഇന്ത്യയുടെ ആശങ്കകളെ വേണ്ടവിധം പരിഗണിക്കാതെയാണ് അവർ റിപ്പോർട്ട് പുറത്തുവിട്ടതെന്നും മന്ത്രാലയം പറയുന്നു. അതേസമയം, പല രാജ്യങ്ങളിലും ഇപ്പോഴും വിശ്വസനീയമായ മരണനിരക്ക് നിരീക്ഷിക്കാനോ രേഖപ്പെടുത്താനോ ഉള്ള സംവിധാനം ഉപയോഗിക്കുന്നില്ല എന്നതിനാലാണ് ഗണിതശാസ്ത്ര മാതൃക തെരഞ്ഞെടുത്തതെന്ന് ഡബ്ല്യൂഎച്ച്ഒ പറഞ്ഞു.

You might also like

Most Viewed