ഒമിക്രോൺ ഒരാളിൽ നിന്ന് 1.22 ആളിലേക്ക് പടരുന്നു; കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി
രാജ്യത്ത് ഒമൈക്രോൺ കേസുകളും കോവിഡ് കേസുകളും ഉയരുന്നു. ഒരാളിൽ നിന്ന് 1.22 ആളിലേക്ക് എന്ന തരത്തിലാണ് രോഗം വ്യാപിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. എന്നാൽ ഒമൈക്രോൺ കേസുകൾ ഗുരുതമാകുന്നില്ല. കോവിഡ് മരണനിരക്ക് 300 ൽ താഴെ നിൽക്കുന്നത് ആശ്വാസകരമാണെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ. പോൾ വ്യക്തമാക്കി. ഒമൈക്രോൺ പടരുന്നതിന്റെ സൂചനയാണ് കോവിഡ് കേസുകളിലേയും വർദ്ധന കാണിക്കുന്നത്.
അതേസമയം ജനങ്ങൾ പരിഭ്രാന്തരാകരുതെന്ന് വി കെ പോൾ അഭ്യർത്ഥിച്ചു. ഒമൈക്രോണിനെ പ്രതിരോധിക്കാന്‍ വേണ്ട തയ്യാറടുപ്പുകൾ നടത്തിയട്ടുണ്ട്. രാജ്യത്ത് വലിയ തോതിൽ വാക്‌സിനേഷൻ നടന്നിട്ടുണ്ടെന്നും അതിനാൽ ആശങ്കപ്പെടേണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളോട് ജാഗ്രത പാലിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുകയും മാസ്‌ക് കൃത്യമായി ധരിക്കുകയും വേണം. ആഗോള തലത്തിൽ കോവിഡ് കേസുകളിൽ വലിയ വർദ്ധന ഉണ്ടായിട്ടുണ്ട്. അതിന്റെ ഭാഗമായി തന്നെയാണ് ഇവിടെ ഇപ്പോൾ ഉണ്ടാകുന്ന വർദ്ധന. അതിവേഗത്തിലാണ് പുതിയ വകഭേദം പടരുന്നത്. അതിനാലാണ് കോവിഡ് സുനാമി എന്ന മുന്നറിയിപ്പ് ലോകാരോഗ്യ സംഘടന നൽകിയത്.
കഴിഞ്ഞ ദിവസം 22 സംസ്ഥാനങ്ങളിലായി 961 ഒമൈക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 320 പേർക്ക് രോഗം ഭേദമായതായി ആരോഗ്യവകുപ്പ് ജോയന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു. മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, തമിഴ്നാട്, കേരളം, ഡൽഹി, കർണാടകം, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെല്ലാം കേസുകൾ ഉയരുകയാണ്. ഡൽഹിയിൽ ഒമൈക്രോണിന്റെ സാമൂഹിക വ്യാപനം തുടങ്ങിയതായി സംസ്ഥാന സർക്കാർ സ്ഥിരീകരിച്ചട്ടുണ്ട്. മുംബൈ, പുണെ, താനെ, നാസിക്, ബെംഗളൂരു, ചെന്നൈ, ഗുരുഗ്രാം, അഹമ്മദാബാദ് എന്നിവിടങ്ങളിലും കേസുകൾ ഉയരുകയാണ്. രോഗവ്യാപനം 5 മുതൽ 10 ശതമാനം വരെയുള്ള 14 ജില്ലകളാണ് ഉള്ളത്. ഇതിൽ 6 എണ്ണം കേരളത്തിലാണ്.
അതേസമയം രാജ്യത്തെ മുതിർന്ന ജനസംഖ്യയുടെ 90 ശതമാനം പേർക്കും വാക്‌സിൻ ആദ്യ ഡോസ് നൽകിയിട്ടുണ്ടെന്നും 63.5 ശതമാനം ആളുകൾ ഇപ്പോൾ പൂർണമായി വാക്‌സിനേഷൻ എടുത്തിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. വാക്‌സിനേഷന് ശേഷമുള്ള പ്രതിരോധ ശേഷി ഒന്പത് മാസമോ അതിൽ കൂടുതലോ നീണ്ടുനിൽക്കുമെന്ന് ഐ.സി.എം.ആർ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ പറഞ്ഞു. ആരോഗ്യ, മുന്‍നിര തൊഴിലാളികൾക്കും 60 വയസ്സിന് മുകളിലുള്ള പൗരന്മാർക്കും രോഗബാധയുടെ തീവ്രത, ആശുപത്രിവാസം, മരണം എന്നിവ ലഘൂകരിക്കാന്‍ ഒരു മുന്‍കരുതൽ ഡോസ് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.