സെറം ഇൻസ്റ്റിറ്റ്യൂട്ടിനും ഭാരത് ബയോടെക്കിനും 4500 കോടി ധനസഹായം നൽകാൻ തീരുമാനിച്ച് കേന്ദ്രം


ന്യൂഡൽഹി : രാജ്യത്തെ വാക്‌സിൻ നിർമ്മാതാക്കൾക്ക് സാന്പത്തിക സഹായം നൽകാൻ തീരുമാനിച്ച് കേന്ദ്ര സർക്കാർ. കൊറോണ വാക്‌സിൻ നിർമ്മാണ കന്പനികളായ സെറം ഇൻസ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക് എന്നീ കന്പനികൾക്കാകും ധനസഹായം നൽകുക. അഡ്വാൻസ് തുകയായി 4500 കോടി രൂപ നൽകാനാണ് തീരുമാനം. സാന്പത്തിക സഹായത്തിനായി വാക്‌സിൻ നിർമ്മാണ കന്പനികൾ കേന്ദ്ര സർക്കാരിനെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ടിന് 3000 കോടി രൂപയും ഭാരത് ബയോടെകിന് 1567 കോടി രൂപയുമാകും അഡ്വാൻസ് തുകയായി നൽകുക. ബാങ്ക് ഗ്യാരണ്ടി ഇല്ലാതെയാണ് സർക്കാർ ധനസഹായം നൽകുന്നത്. കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ വിശദമായ അവലോകനം നടത്തിയ ശേഷമാണ് തീരുമാനം.

ഇതോടെ ജൂൺ മാസം മുതൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് 200 മില്യൺ വാക്‌സിൻ ഡോസുകൾ വിതരണം ചെയ്യുമെന്നാണ് പ്രതീക്ഷ. ജൂലായ് മാസത്തോടെ ഭാരത് ബയോടെക്ക് 90 മില്യൺ വാക്‌സിൻ ഡോസുകൾ വിതരണം ചെയ്യും.

മെയ് 1 മുതൽ രാജ്യത്തെ 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് വാക്‌സിൻ കുത്തിവെപ്പ് നടത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. നിലവിൽ കൊറോണ വാക്‌സിന്റെ ആവശ്യം വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഉൽപാദനം വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്. സെപ്റ്റംബർ മാസത്തോടെ പ്രതിമാസം രാജ്യത്ത് 100 മിൽയൺ വാക്‌സിൻ ഡോസുകൾ ഉൽപാദിപ്പിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed