ആശ്വാസിക്കാം; കൊവിഷീൽഡ് വാക്‌സിൻ ജനുവരി അവസാനത്തോടെ ഇന്ത്യയില്‍


ന്യൂഡൽഹി: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വികസിപ്പിച്ചെടുത്ത കൊവിഷീൽഡ് വാക്‌സിൻ ഉടൻ ഇന്ത്യയിൽ ലഭ്യമാകുമെന്ന് റിപ്പോർട്ട്. സാഹചര്യങ്ങൾ അനുകൂലമായാൽ ജനുവരി അവസാനത്തോടെയോ, ഫെബ്രുവരി ആദ്യവാരത്തിലോ വാക്‌സിൻ രാജ്യത്ത് ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ കൊറോണ വാക്‌സിൻ ലഭ്യമാക്കാനുള്ള കേന്ദ്രസർക്കാർ നടപടികൾ അന്തിമ ഘട്ടത്തിലാണ്. ഇതിനിടെയാണ് കൊവിഷീൽഡ് വാക്‌സിൻ ഉടൻ ലഭ്യമാകുമെന്ന റിപ്പോർട്ട് പുറത്തുവരുന്നത്.

ഒക്‌സ്ഫഡ് സർവ്വകലാശാലയും, മരുന്ന് നിർമ്മാണ കമ്പനിയായ ആസ്ട്രാ സെനേകയും സംയുക്തമായാണ് കൊവിഷീൽഡ് നിർമ്മിക്കുന്നത്. വാക്‌സിന്റെ അന്തിമ ഘട്ട പരീക്ഷണം പൂനൈ സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ പുരോഗമിക്കുകയാണ്. വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിനായി സെറം ഇൻസ്റ്റിറ്റ്യൂട്ടിന് ബ്രിട്ടീഷ് സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഇന്ത്യൻ ഡ്രഗ് കൺട്രോൾ അതോറിറ്റിയുടെ അനുമതി കൂടി ലഭിക്കുന്നത് അനുസരിച്ചാകും കെവിഷീൽഡ് രാജ്യത്ത് ലഭ്യമാകുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകുക. വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിനായി അടുത്ത മാസം സെറം ഇൻസ്റ്റിറ്റ്യൂട്ട് അപേക്ഷ സമർപ്പിക്കും.

അനുമതി ലഭിച്ചാൽ രണ്ട് ഘട്ടം നൽകുന്നതിനുള്ള വാക്‌സിനുകളാകും ഇന്ത്യയ്ക്ക് ലഭിക്കുക. ആദ്യം ആരോഗ്യപ്രവർത്തകർ, നഗരസഭാ ജീവനക്കാർ, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവർക്കാകും വാക്‌സിൻ നൽകുക. ഏകദേശം 30 കോടിയിലധികം പേർ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ. രണ്ട് ഘട്ടങ്ങളിൽ നൽകുന്നതിനായി 60 കോടി വാക്‌സിൻ രാജ്യത്തിന് ആവശ്യമാണ്. യഥാർത്ഥ നിരക്കിന്റെ പകുതിയാണ് ആളുകളിൽ നിന്നും വാക്‌സിന് ഈടാക്കുക. 500 മുതൽ 600 രൂപവരെയായിരിക്കും രാജ്യത്ത് വാക്‌സിന്റെ വിലയെന്നാണ് സൂചന.

You might also like

  • Lulu Exchange
  • Straight Forward

Most Viewed