ഇസ്രയേൽ പ്രധാനമന്ത്രി രഹസ്യമായി സൗദിയിലെത്തിയതായി റിപ്പോർട്ട്


ജെറുസലേം : ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രഹസ്യമായി സൗദി അറേബ്യയിൽ എത്തിയതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ചയില്‍ സൗദി കിരീടാവകാശി സൽമാൻ രാജകുമാരനും യു‌എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും പങ്കെടുത്തുവെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇസ്രയേൽ മാദ്ധ്യമങ്ങളെ അധികരിച്ച് റോയിട്ടേഴ്സ് ആണ് വാർത്ത പുറത്തുവിട്ടത്. അതേസമയം നെതന്യാഹുവും അമേരിക്കൻ എംബസിയും വാർത്തയെപ്പറ്റി പരാമർശം നടത്തിയിട്ടില്ല. ചെങ്കടലിന്റെ തീരത്ത് അജ്ഞാത കേന്ദ്രത്തിൽ വച്ചാണ് സംയുക്ത കൂടിക്കാഴ്ച നടന്നതെന്നാണ് റിപ്പോർട്ട്.

സൗദി- ഇസ്രയേൽ നയതന്ത്ര ബന്ധം ആരംഭിക്കാനുള്ള കൂടിക്കാഴ്ച്ചയാണിതെന്നാണ് സൂചന. നേരത്തെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രം‌പിന്റെ മദ്ധ്യസ്ഥതയിൽ യു.എ.ഇ , ബഹറിൻ എന്നീ രാജ്യങ്ങൾ ഇസ്രയേലുമായി നയതന്ത്ര ബന്ധം ആരംഭിക്കാൻ സമ്മതിച്ചിരുന്നു. സൗദി ഇതുവരെ ഈ നീക്കത്തോട് അനുഭാവപൂർവ്വം പ്രതികരിച്ചിരുന്നില്ല. എന്നാൽ സൗദി വ്യോമമേഖലയ്ക്ക് മുകളിലൂടെ ഇസ്രയേലി വിമാനങ്ങൾ പറക്കാനുള്ള അനുമതി നൽകിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed