കോവിഡിന് വാക്സിൻ ലഭ്യമായാലും സാമൂഹിക അകലം തുടരണമെന്ന് മുന്നറിയിപ്പ്


കോവിഡ് വാക്സിൻ ഉടനെത്തി ജീവിതം സാധാരണ നിലയിലാകുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. എന്നാല്‍ വാക്‌സീന്‍ കണ്ടെത്തിയാലും, മാസ്‌ക് ഉള്‍പ്പെടെയുള്ള മുന്‍കരുതലുകളും സാമൂഹിക അകല മാനദണ്ഡങ്ങളും തുടരുമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നു.

അമേരിക്കയിലെ പകര്‍ച്ചവ്യാധി വിദഗ്ദ്ധനും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്‌ഷ്യസ് ഡിസീസസ് ഡയറക്ടറുമായ ഡോ. ആന്റണി ഫൗസിയുടെ അഭിപ്രായത്തില്‍ 2022 വരെയെങ്കിലും മാസ്‌കും സാമൂഹിക അകലവുമൊക്കെ നാം തുടരേണ്ടി വരും. വാക്‌സിന്‍ കണ്ടെത്തിയെന്ന് വച്ച് മുന്‍കരുതല്‍ നടപടികള്‍ അവസാനിപ്പിക്കാന്‍ സാധിക്കില്ലെന്ന് ഫിലഡല്‍ഫിയായിലെ തോമസ് ജെഫേഴ്‌സണ്‍ യൂണിവേഴ്‌സിറ്റിയിലെ ഡോക്ടര്‍മാരും വിദ്യാര്‍ത്ഥികളുമായി സംവദിക്കവേ ഡോ. ഫൗസി പറഞ്ഞു. പോളിയോ, മീസല്‍സ് എന്നിവയൊക്കെ പോലെ വാക്‌സീന്‍ കൊണ്ട് മാത്രം അപ്രത്യക്ഷമാകുന്ന ഒന്നല്ല കൊറോണ വൈറസെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകത്തുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ സമയമെടുക്കുമെന്നും വാക്‌സീനുകള്‍ക്ക് 70 ശതമാനം കാര്യക്ഷമതയേ അവകാശപ്പെടാനാകൂ എന്നും ഫൗസി ഉള്‍പ്പെടെയുള്ള ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

വൈറസിനെതിരെ ഹേര്‍ഡ് ഇമ്മ്യൂണിറ്റി അഥവാ സമൂഹ പ്രതിരോധം ഉണ്ടാക്കാനുള്ള ഏറ്റവും മികച്ച വഴി വാക്‌സിനാണെന്നും ഡോ. ഫൗസി അഭിപ്രായപ്പെടുന്നു. 2021 തുടക്കത്തില്‍ വാക്സിന്‍ വിതരണം ആരംഭിച്ചാല്‍ തന്നെയും ആ വര്‍ഷം അവസാനത്തോടെയോ 2022 തുടക്കത്തിലോ മാത്രമേ സമൂഹ പ്രതിരോധം സാധ്യമാകു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed