എന്‍സഫലൈറ്റിസ് എന്നാല്‍...
ഒരുതരം മസ്തിഷ്‌ക ജ്വരം എന്ന് വേണമെങ്കില്‍ എന്‍സെഫലൈറ്റിസിനെ വിശേഷിപ്പിക്കാവുന്നതാണ്. മസ്തിഷ്‌കത്തെ ബാധിക്കുന്ന കടുത്ത പനി. മസ്തിഷ്‌കത്തില്‍ നിര്‍ക്കെട്ടിനും ഇത് കാരണമാകാം. ഇതേ രോഗം തന്നെയാണ് ബിഹാറില്‍ ഇപ്പോള്‍ നൂറിലേറെ കുട്ടികളുടെ ജീവനെടുത്തിട്ടുള്ളത്.
നാഡീവ്യൂഹ രോഗം അല്ലെങ്കില്‍ ന്യൂറോളജിക്കല്‍ ഡിസോര്‍ഡര്‍ എന്ന് വിളിക്കാം. തലച്ചോറിനേയും ലിംബിക് സിസ്റ്റത്തേയും ആണ് ഇത് ബാധിക്കുക. പല രീതിയില്‍ രോഗം ഉണ്ടാകാം. വൈറസ് വഴിയും ബാക്ടീരിയ വഴിയും പരാദങ്ങള്‍ വഴിയും ഫങ്കസ് വഴിയും എല്ലാം രോഗമുണ്ടാകാം.വ്യാപകമായി കണ്ടുവരുന്ന ഒന്നാണ് വൈറല്‍ എന്‍സെഫലൈറ്റിസ്. ഹെര്‍പിസ് അണുബാധ, പേവിഷ ബാധ, മീസല്‍സ് വൈറസ് എന്നിവയൊക്കെയാണ് പൊതുവേ എന്‍സെഫലൈറ്റിസിന് കാരണമാകുന്നവ. എന്നിരുന്നാലും അപൂര്‍വ്വ രോഗങ്ങളുടെ പട്ടികയില്‍ ആണ് എന്‍സെഫലൈറ്റിസിനെ ഉള്‍പ്പെടുത്തിയിട്ടുള്ളത്.ബിഹാറില്‍ കുട്ടികളെ ബാധിച്ചത് വൈറല്‍ എന്‍സെഫലൈറ്റിസ് ആണെന്ന നിഗമനത്തിലാണ് ആരോഗ്യ വിദഗ്ധര്‍. പാകമാകാത്ത ലിച്ചിപ്പഴം കഴിച്ചതിലൂടെ ആയിരിക്കാം രോഗബാധ ഉണ്ടായത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
തുടക്കത്തിലേ കണ്ടെത്താന്‍ കഴിയാതിരുന്നാല്‍ മരണകാരണമാകുന്ന രോഗമാണിത്.കടുത്ത തലവേദന, തലകറക്കം, ശരീര വേദന, പനി, ഛര്‍ദ്ദി, മനംപിരട്ടല്‍, ക്ഷീണം, ആകാംക്ഷ, ആശയക്കുഴപ്പങ്ങള്‍, കാഴ്ച പ്രശ്‌നം, കേള്‍വി നഷ്ടപ്പെടല്‍, തളര്‍വാതം, ബോധക്ഷയം തുടങ്ങിയവയാണ് എന്‍സെഫലൈറ്റിസിന്റെ രോഗലക്ഷണങ്ങള്‍. ഉടനടി ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ തുടങ്ങിയാല്‍ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ ആകും. അല്ലാത്ത പക്ഷം, ഭൂരിഭാഗം കേസുകളിലും മരണം സംഭവിക്കും.വെള്ളത്തിലൂടേയും പകരുന്ന രോഗമാണ് എന്‍സെഫലൈറ്റിസ്. അതുപോലെ രോഗബാധിതരില്‍ നിന്ന് മറ്റുള്ളവരിലേക്കും പകരാം. രോഗബാധിതരുടെ ഉമിനീര്‍, ശരീരസ്രവങ്ങള്‍, വിസര്‍ജ്യം എന്നിവ രോഗാണുക്കളെ മറ്റുള്ളവരിലേക്ക് എത്തിക്കും. എന്നാല്‍ ബിഹാറില്‍ ഇത് ലിച്ചപ്പഴത്തില്‍ നിന്ന് തന്നെയാണ് കുട്ടികളില്‍ എത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

