അമീബിക് മസ്തിഷ്‌ക ജ്വരം
നമ്മുടെ മസ്തിഷ്‌കത്തെ ബാധിക്കുന്ന നീര്‍ക്കെട്ടിനെ എന്‍സെഫലൈറ്റിസ് എന്നും മസ്തിഷ്‌കത്തിന്റെ മൂന്ന് ആവരണങ്ങളായ ഡ്യൂറ, അരാക്കിനോയിഡ്, പയ (Dura, Arachinoid, Pia) എന്നിവിടങ്ങളിലെ നീര്‍ക്കെട്ടിനെ മെനിഞ്ചൈറ്റിസ് എന്നും വിളിക്കുന്നു. ഇന്‍ഫെക്ഷന്‍സ് (അണുബാധ) യാണ് ഇത്തരം രോഗങ്ങളുടെ പ്രധാന കാരണം. അതില്‍ത്തന്നെ, കൂടുതല്‍ രോഗങ്ങളും ബാക്ടീരിയകളും വൈറസുകളുമാണ് ഉണ്ടാക്കുന്നത്. മെനിഞ്‌ജൈറ്റിസ് ഉണ്ടാക്കുന്ന പ്രധാനപ്പെട്ട ബാക്ടീരിയകളാണ് ന്യൂമോകോക്കസ്, മെനിഞ്ചോ കോക്കസ്, ഹീമോഫിലസ് ഇന്‍ഫ്‌ലുവന്‍സേ (ടൈപ്പ് ബി), ക്ഷയരോഗമുണ്ടാക്കുന്ന ട്യൂബര്‍ക്കുലസ് ബാസിലസ് (ടി ബി) എന്നിവ. ഇവയിലെ ഹീമോഫിലസ് ഇന്‍ഫ്‌ലുവന്‍സെയും ടിബി മെനിഞ്ചൈറ്റിസും പ്രതിരോധ കുത്തിവെപ്പുകള്‍ കാരണം ഏറെക്കുറെ ഇല്ലാതായി. ന്യുമോ കോക്കസിനെതിരെയുള്ള കുത്തിവെപ്പും അധികം താമസിയാതെ നടപ്പിലാകും. ഹജ്ജിന് പോകുന്നവര്‍ മെനിഞ്ചോ കോക്കസിനെതിരായുള്ള വാക്‌സിന്‍ എടുത്തിട്ടാണ് പോകുന്നത് എന്നും അറിയാവുന്നതാണല്ലോ. അവിടങ്ങളില്‍ ഈ രോഗാണുമൂലമുള്ള മെനിഞ്ചൈറ്റിസ് കൂടുതലായുള്ളത് കൊണ്ടാണ് കുത്തിവയ്പ്പ് എടുക്കുന്നത്. വൈറസുകള്‍ കാരണം ഉണ്ടാകുന്ന തരം മെനിഞ്ചൈറ്റിസില്‍ പോളിയോ, Mumps, ജപ്പാന്‍ ജ്വരം എന്നിവയും കുത്തിവെപ്പിലൂടെ ഒരു വിധം നിയന്ത്രണ വിധേയമായിട്ടുണ്ട്. എങ്കിലും നിപ്പ, ഹെര്‍പ്പിസ്, എന്ററോവൈറസ്, വെസ്റ്റ് നൈല്‍ തുടങ്ങി അനേകം വൈറസുകള്‍ ഇനിയും പിടി തരാത്തതായുണ്ട്. അതിനിടയില്‍, പണ്ടു തൊട്ടേ ഡോക്ടര്‍മാര്‍ക്ക് അറിയാമെങ്കിലും കൃത്യമായ രോഗ നിര്‍ണ്ണയം പലപ്പോഴും നടക്കാത്തതിനാലോ, വളരെ അപൂര്‍വ്വമായി മാത്രം കാണുന്നതിനാലോ ജനങ്ങള്‍ക്കിടയില്‍ അധികം കേട്ടുകേള്‍വിയില്ലാത്ത ഒരു രോഗമാണ് അമീബ മൂലമുള്ള മസ്തിഷ്‌ക ജ്വരം.
അമീബ എന്ന പേര് നമുക്ക് സുപരിചിതമാണ്. ഏകകോശ ജീവിയായ അമീബയുടെ ചിത്രവും അത് ഇര പിടിക്കുന്ന രീതിയും ഒക്കെ നമ്മള്‍ സ്‌കൂള്‍ ക്ലാസുകളില്‍ പഠിച്ചിട്ടുള്ളതാണ്. സാധാരണഗതിയില്‍ അമീബകള്‍ രോഗമൊന്നും ഉണ്ടാക്കാറില്ല. പക്ഷെ, എന്റെമീബ ഹിസ്റ്റോലിറ്റിക്ക എന്ന അമീബ മനുഷ്യരില്‍ വയറുകടി ഉണ്ടാക്കുന്ന ഒരു രോഗാണുവാണ്. ഗുരുതരമായ രോഗങ്ങള്‍ ഉണ്ടാക്കുന്ന അമീബകളും ഉണ്ട്. നീഗ്ലേറിയ ഫൗളേറി എന്നാണ് മസ്തിഷ്‌കജ്വരം ഉണ്ടാക്കുന്ന അമീബയുടെ ശാസ്ത്രീയനാമം. അപൂര്‍വ്വമായി മാത്രമേ ഈ അമീബിക്ക് മസ്തിഷ്‌കജ്വരം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ.
ഇളംചൂടുള്ള ശുദ്ധജലത്തിലാണ് ഇത്തരം അമീബകള്‍ കണ്ടു വരുന്നത്. അതു കൊണ്ടു തന്നെ സ്വിമ്മിംഗ് പൂളുകള്‍, കുളങ്ങള്‍ എന്നിവിടങ്ങളില്‍ ഇവ ഉണ്ടായേക്കാം. ക്ലോറിനേഷന്‍ മൂലം നശിച്ചുപോകുന്നതിനാല്‍ നന്നായി പരിപാലിക്കപ്പെടുന്ന, ക്ലോറിനേറ്റ് ചെയ്യുന്ന, കൂടെക്കൂടെ വെള്ളം മാറ്റുന്ന സ്വിമ്മിംഗ് പൂളുകളില്‍ ഇവ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. ഉപ്പുവെള്ളമുള്ള ജലാശയങ്ങളില്‍ ഈ രോഗാണുവിന് നിലനില്‍പില്ലാത്തതുകൊണ്ട് കടലിലും മറ്റും ഇവയെ കണ്ടുവരുന്നില്ല. കുളിക്കുമ്ബോള്‍ വെള്ളം കുടിച്ചത് കൊണ്ട് രോഗകാരിയായ അമീബ ശരീരത്തില്‍ പ്രവേശിക്കില്ല. എന്നാല്‍ ഡൈവ് ചെയ്യുമ്ബോളോ നീന്തുമ്ബോളോ വെള്ളം ശക്തിയായി മൂക്കില്‍ കടന്നാല്‍, അമീബ വെള്ളത്തില്‍ ഉള്ളപക്ഷം, മൂക്കിലെ അസ്ഥികള്‍ക്കിടയിലൂടെയുള്ള നേരിയ വിടവിലൂടെ ഇവ തലച്ചോറിനകത്തെത്തുന്നു. അമീബ ഉള്ള വെള്ളം ഉപയോഗിച്ച് നസ്യം പോലുള്ള ക്രിയകള്‍ നടത്തുന്നതും, തല വെള്ളത്തില്‍ മുക്കി മുഖം കഴുകുന്നതും മറ്റും രോഗത്തിന് കാരണമായേക്കാം.

