അമിതമായ പുകവലി മോണരോഗത്തിന് കാരണമാകും
ബ്രഷ് ചെയ്യുന്നതിനിടെ മോണയിൽ നിന്ന് രക്തസ്രാവമുണ്ടാകുന്നത് മോണരോഗത്തിന്റെ ലക്ഷണമാണ്. പലരും ബ്രഷിന്റെ അമിതോപയോഗം കാരണമാണ് രക്തസ്രാവം ഉണ്ടാകുന്നതെന്ന് തെറ്റിദ്ധരിച്ച് ഇത് കാര്യമാക്കാറില്ല. തുടർന്ന് ആ ഭാഗം ബ്രഷ് ചെയ്യുന്നത് കുറയ്ക്കും. എന്നാൽ ആ ഭാഗത്ത് ബ്രഷിംഗ് ശരിയായി നടക്കാതെ മോണരോഗം വർദ്ധിക്കാനും കാരണമാകുന്നു.
അമിതമായ പുകവലി മോണരോഗത്തിന് കാരണമാകും. അണുബാധ കാരണമാണ് മോണരോഗം പ്രധാനമായും ഉണ്ടാക്കുന്നതെങ്കിലും പുകവലിക്കാരിൽ അണുബാധയില്ലാതെ തന്നെ മോണരോഗം കണ്ടുവരുന്നു. സ്ത്രീകളിലാണ് മോണരോഗം കൂടുതലും കാണുന്നത്.
മോണ പല്ലുകളിൽ നിന്ന് ഇറങ്ങിനിൽക്കുന്ന അവസ്ഥയാണ് ഇത്തരക്കാരിൽ ഉണ്ടാവുക. ഇങ്ങനെ ഇറങ്ങുന്പോൾ ക്രമേണ പല്ലുകൾക്ക് ബലക്കുറവും കൊഴിഞ്ഞുപോക്കും ഉണ്ടാകും. പുകവലി ശരീരത്തിലെ രക്തപ്രവാഹത്തെ പ്രതികൂലമായി ബാധിക്കുന്നതാണ് മറ്റെല്ലാ ഭാഗങ്ങളെയും പോലെ വായയിലും ദോഷകരമായി തീരുന്നത്. ഇത്തരം മോണരോഗ ബാധയിൽ അതുകൊണ്ടുതന്നെ ചിലപ്പോൾ രക്തശ്രാവം ഉണ്ടാകണമെന്നില്ല.
വായിലെ ചർമ്മം പുകവലി കാരണം കട്ടിയാവുകയും നിറവ്യത്യാസം പ്രകടമാവുകയും ചെയ്യും. പല്ലിലെ നിറവ്യത്യാസം പുകവലികൊണ്ട് ഉണ്ടാവാമെങ്കിലും അതു ക്ലീനിംഗിലൂടെ മാറ്റിയെടുക്കാനാവും. ബീഡി വലിക്കുന്നവരാണെങ്കിൽ ചുണ്ടുകൾ കറുത്തുവരാനും ഇടയുണ്ട്. മോണരോഗം കാൻസറിന് വരെ കാരണമാകാറുണ്ട്.

