വിവാഹം കഴിഞ്ഞ് നാല് മാസം; ഇരട്ടക്കുഞ്ഞുങ്ങൾക്ക് ജന്മം നൽകി നയൻ‌താര! സാധ്യമായത് സറോഗസിയിലൂടെ!


ലേഡി സൂപ്പർ സ്റ്റാർ നയൻതാര ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി എന്ന വാർത്തയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവൻ തന്നെയാണ് വാർത്ത ട്വിറ്ററിലൂടെ പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്. വിവാഹം കഴിഞ്ഞ് നാല് മാസങ്ങൾ മാത്രം പിന്നിടുമ്പോൾ നടി അമ്മയായത് ഏറെ ആകാംക്ഷയോടെയാണ് ആരാധകർ നോക്കിക്കാണുന്നത്. വിവാഹത്തിന് മുന്നേ തന്നെ താരം ഗർഭം ധരിച്ചിരുന്നോ വിവാഹ സമയത്ത് നയൻതാരയ്ക്ക് വയറില്ലായിരുന്നോ എന്നിങ്ങനെ പലരും പല അഭിപ്രായങ്ങളുമായാണ് വാർത്തയോട് പ്രതികരിക്കുന്നത്. ഇത് സംബന്ധിച്ച് നിരവധി വീഡിയോകളും ട്രോളുകളും ഇതിനകം തന്നെ പുറത്തിറങ്ങിക്കഴിഞ്ഞു. എന്നാൽ വിഘ്നേഷ് ശിവന്റെയും ഭാര്യ നയൻതാരയുടെയും കുഞ്ഞ് സറോഗസി (വാടക ഗർഭധാരണത്തിലൂടെ) വഴിയാണ് ജനിച്ചതെന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. വിഘ്‌നേഷും നയൻതാരയും തമ്മിലുള്ള വിവാഹം 2022 ജൂൺ 9 നാണ് നടന്നത്. വിവാഹം കഴിഞ്ഞ് നാല് മാസങ്ങൾ തികയുമ്പോൾ ആണ് നയൻതാരയ്ക്കും വിഘ്‌നേഷ് ശിവനും സറോഗസി വഴി ഇരട്ടക്കുഞ്ഞുങ്ങളെ ലഭിക്കുന്നത്. നയൻതാര അമ്മയാകാൻ പോവുകയാണെന്ന് ഇരുവരും ട്വിറ്ററിലൂടെ നേരത്തെ തന്നെ സൂചന നൽകിയിരുന്നു. ഉയിർ, ഉലകം എന്നിങ്ങനെയാണ് കുട്ടികൾക്ക് നൽകിയിരിക്കുന്ന പേരുകൾ എന്നാണ് റിപ്പോർട്ട്.

നയൻതാര നായികയായി എത്തിയ നാനും റൗഡി താൻ എന്ന ചിത്രത്തിന്റെ സംവിധായകനായിരുന്ന വിഘ്‌നേഷ് ശിവനുമായി നയൻതാര അടുപ്പത്തിലായിരുന്നു. ഷാരൂഖ് ഖാൻ അടക്കമുള്ള വമ്പൻ താരങ്ങൾ എത്തിയ മഹാബലിപുരത്താണ് നയൻതാരയുടെ വിവാഹം നടന്നത്.

വാടക ഗർഭ പാത്രത്തിലൂടെ അഥവാ സറോഗസിയിലൂടെയാണ് നയൻ‌താര അമ്മയായത്. വാടക ഗർഭധാരണത്തിനായി പറ്റിയ ഒരു പെൺകുട്ടിയെ കണ്ടെത്തി, അവരിൽ വിഘ്നേഷിന്റെയും നയൻതാരയുടേയും അണ്ഡവും ബീജവും സംയോജിപ്പിച്ചുള്ള ഐവിഎഫ് ട്രീറ്റ്മെൻറ് നടത്തുകയായിരുന്നു. ലക്ഷങ്ങളാണ് ഇതിനായി ഇവർ മുടക്കിയത്. കുഞ്ഞുങ്ങൾ ഏഴാം മാസം ഗർഭാവസ്ഥയിൽ ഉള്ളപ്പോൾ ആയിരുന്നു ഇവരുടെ ആഘോഷ പൂർവ്വമായ വിവാഹം നടന്നത്. മറ്റൊരു യുവതി പ്രസവിച്ചെങ്കിലും പൂർണമായും ഇത് നയൻതാരയുടെയും വിഘ്നേഷിന്റെയും മക്കളാണ്. വലിയ തുക തന്നെ പ്രതിഫലമായി ഈ യുവതിക്ക് താരദമ്പതികൾ സമ്മാനിച്ചെന്നാണ് വിവരം. 

പ്രസവമോ ഗർഭധാരണമോ കൊണ്ട് ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ ഒന്നും ഇനി ഉണ്ടാകില്ല. ഈ കുഞ്ഞുങ്ങൾ സ്വന്തം മക്കൾ ആണ് എന്ന പ്രത്യേകതയുമുണ്ട്. മുപ്പത്തിയേഴാം വയസിൽ അമ്മയാകുന്നുവെന്ന വലിയ റിസ്കും ഇതോടെ മാറി കിട്ടി. അതേസമയം പ്രസവിക്കാതെ അമ്മയായെങ്കിലും, പൂർണമായും ഒരു അമ്മയുടെ ജീവിതത്തിലേക്ക് മാറാനുള്ള തയ്യാറെടുപ്പിൽ കൂടിയാണ് നയൻതാര.

കൃത്രിമ ബീജ സങ്കലനം/വാടകയ്‌ക്കൊരു ഗർ‍ഭപാത്രം തുടങ്ങിയ കാര്യങ്ങൾ‍ മലയാളികൾ കേട്ട് തുടങ്ങുന്നതിന് മുമ്പ്, ഈ വിഷയം പ്രമേയമാക്കി സിബി മലയിൽ−ലോഹിതദാസ് കൂട്ടുകെട്ടിൽ പിറന്ന മോഹൻലാൽ ചിത്രമായിരുന്നു ദശരഥം. വിവാഹം കഴിക്കാനോ, കുട്ടികളെ ദത്തെടുക്കുവാനോ താൽപ്പര്യമില്ലാത്ത ഒരു ചെറുപ്പക്കാരൻ തന്റെ രക്തത്തിൽ പിറന്ന ഒരു കുഞ്ഞിനുവേണ്ടി ഒരു വാടക ഗർഭ പാത്രം കണ്ടെത്തുകയും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രം വിവരിക്കുന്നത്. എന്നാൽ ഇന്ന് സറോഗസി സെലിബ്രേറ്റികളുടെ ഇടയിലെന്നപോലെ സാധാരണക്കാരുടെ ഇടയിലും സാധാരണമായിത്തീർന്നിരിക്കുകയാണ്.

ബോളിവുഡ് താരങ്ങളായ പ്രിയങ്ക ചോപ്ര, പ്രീതി സിന്റ, ശിൽപ ഷെട്ടി, സണ്ണി ലിയോൺ, തുടങ്ങിയവരെല്ലാം വാടക ഗർഭധാരണത്തിലൂടെ കുഞ്ഞുങ്ങളെന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയവരാണ്. 

മറ്റൊരു ദമ്പതികളുടെ ഭ്രൂണം സ്വന്തം വയറ്റിൽ വഹിക്കുകയും നവജാതശിശുവിനെ ദമ്പതികൾക്ക് തിരികെ നൽകുകയും ചെയ്യുന്ന പ്രക്രിയയാണ് വാടക ഗർഭധാരണം. പണ്ടൊക്കെ സറോഗസിയിൽ അണ്ഡവും പുരുഷ ബീജവും കൂടിച്ചേർന്ന് കുട്ടികൾ ജനിച്ചിരുന്നു, എന്നാൽ ഇപ്പോൾ ആധുനിക രീതികൾ വന്നിരിക്കുന്നു.

കൂടാതെ, ഗർഭധാരണ സറോഗസി എന്ന നൂതനമായ ഒരു രീതിയും ഇപ്പോൾ നിലവിലുണ്ട്, അതിൽ കുഞ്ഞ് ആഗ്രഹിക്കുന്ന ദമ്പതികളുടെ അണ്ഡവും ബീജവും സംയോജിപ്പിച്ച് പ്രസവിക്കാൻ തയ്യാറായ ഒരു സ്ത്രീയുടെ ഗർഭപാത്രത്തിൽ വയ്ക്കുകയും തുടർന്ന് കുഞ്ഞിനെ ദമ്പതികൾക്ക് തിരിച്ചു നൽകുകയും ചെയ്യുന്നു. ഇത്തരത്തിൽ ഗർഭപാത്രം നൽകുന്ന സ്ത്രീയെ സറഗേറ്റ് അമ്മ അഥവാ മാറ്റമ്മ (surrogate mother)എന്ന് വിളിക്കുന്നു. 

ഈ രീതിയിലാണ് നയൻതാരയ്ക്കും വിഘ്‌നേഷ് ശിവനും കുഞ്ഞുങ്ങൾ പിറന്നത്. ഇന്ത്യൻ സിനിമയിലെ ഏറ്റവും തിരക്കുള്ള താരങ്ങളിൽ ഒരാളാണ് നയൻതാര. ഗർഭധാരണത്തിനു ശേഷം പത്തുമാസമോ പ്രസവശേഷം മൂന്നോ നാലോ മാസത്തെ വിശ്രമമോ ആവശ്യമില്ലാത്തതിനാലാണ് നയൻ‌താര−വിഘ്‌നേഷ് ദമ്പതികൾ ഈ രീതി തിരഞ്ഞെടുത്തതെന്നാണ് റിപ്പോർട്ടുകൾ.

 

 

article-image

ംപമര

You might also like

  • Lulu Exchange
  • Straight Forward

Most Viewed