രഞ്‌ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാനാകും

തിരുവനന്തപുരം
തിരക്കഥാകൃത്തും സംവിധായകനുമായ രഞ്‌ജിത്ത് ബാലകൃഷ്‌ണൻ (57) ചലച്ചിത്ര അക്കാദമി ചെയർമാനാകും. നിലവിലെ ചെയർമാൻ കമലിനു പകരമാണ് രഞ്‌ജിത്തിനെ നിയമിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകും.
നിരവധി തവണ സംസ്‌ഥാന− ദേശീയ പുരസ്‌കാരങ്ങളും നേടിയിട്ടുള്ള രഞ്‌ജിത്ത് നടൻ എന്ന നിലയിലും ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്‌ചവച്ചിട്ടുണ്ട്.
1985ൽ സ്‌കൂൾ ഓഫ് ഡ്രാമയിൽ നിന്നു ബിരുദം എടുത്തു. രണ്ടുവർഷങ്ങൾക്ക് ശേഷം തന്റെ ആദ്യ സിനിമ ഒരു മേയ് മാസപുലരിയിലൂടെ രചനാരംഗത്ത് അരങ്ങേറ്റം കുറിച്ചു. തുടർന്ന് കമൽ, ഷാജി കൈലാസ്, സിബി മലയിൽ, വിജി തന്പി തുടങ്ങി നിരവധി പ്രമുഖ സംവിധായകർക്കു വേണ്ടി തിരക്കഥകൾ രചിച്ചു. 2001 ൽ ദേവാസുരത്തിന്റെ രണ്ടാം ഭാഗമായി രാവണപ്രഭു എന്ന സിനിമയിലൂടെ രഞ്‌ജിത്ത് സംവിധായകനായി. ബോക്‌സോഫീസിൽ വന്പന്‍ പ്രകന്പനങ്ങൾ സൃഷ്‌ടിച്ച ദേവാസുരം, ആറാം തന്പുരാൻ, നരസിംഹം തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്താണ്.