മരക്കാർ ഓണം റിലീസായി തീയേറ്ററുകളിലേക്ക്


കൊച്ചി: ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാൽ− പ്രിയദർശൻ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം തീയേറ്റർ റിലീസിങ്ങിന് ഒരുങ്ങുന്നു. പുതിയ റിലീസ് തീയതി മോഹൻലാലാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ചിത്രം ഓണം റിലീസായി ഓഗസ്റ്റ് 12ന് തീയേറ്ററുകളിലെത്തും. കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ ഒരു വർഷമായി ചിത്രത്തിന്റെ റിലീസ് ഡേറ്റ് നീട്ടി വെയ്ക്കുകയായിരുന്നു. ഇത്തവണത്തെ മികച്ച ചിത്രത്തിനുൾപ്പെടെ മൂന്ന് ദേശീയ പുരസ്‌കാരം ലഭിച്ച സിനിമയാണ് മരക്കാർ.

മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലും സിനിമ റിലീസ് ചെയ്യും. മലായാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമാണ് മരക്കാർ. 100 കോടി രൂപയാണ് ബഡ്ജറ്റ്. വാഗമൺ, ഹൈദരാബാദ്, ബാദ്മി, രാമേശ്വരം എന്നിവിടങ്ങളിലാണ് ചിത്രീകരണം നടത്തിയത്. ആന്റണി പെരുന്പാവൂരിന്റെ ആശിർവാദ് സിനിമാസിനൊപ്പം സന്തോഷ് ടി കുരുവിളയുടെ മുൺലൈറ്റ് എന്റർടെയിൻമെന്റും കോൺഫിഡന്റ് ഗ്രൂപ്പും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

മരക്കാറിൽ മഞ്ജു വാര്യർ, പ്രഭു, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ഫാസിൽ, അർജുൻ സർജ, കീർത്തി സുരേഷ്, തുടങ്ങി വന്പൻ താരനിരയാണ് അണി നിരക്കുന്നത്. തിരുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. കലാസംവിധാനം നിർവഹിച്ചിരിക്കുന്നത് സാബു സിറിലാണ്.

You might also like

Most Viewed