അന്തരിച്ച നടൻ തീപ്പെട്ടി ഗണേശന്റെ കുട്ടികളെ സംരക്ഷിക്കുമെന്ന് രാഘവ ലോറൻസ്
ചെന്നൈ: അന്തരിച്ച തമിഴ് നടൻ തീപ്പെട്ടി ഗണേശന്റെ കുട്ടികളെ സംരക്ഷിക്കുമെന്ന് സംവിധായകനും നടനുമായ രാഘവ ലോറൻസ്. ”സഹോദരാ, താങ്കളുടെ കുട്ടികളെ ഞാൻ സംരക്ഷിക്കും, നിത്യശാന്തി നേരുന്നു” എന്നാണ് രാഘവ ലോറൻസ് ട്വീറ്റ് ചെയ്തിരിക്കുന്നത്. അസുഖബാധിതനായി മധുരൈ സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ മാർച്ച് 22ന് ആയിരുന്നു ഗണേശന്റെ അന്ത്യം.
ബില്ല 2, ഉസ്താദ് ഹോട്ടൽ, നീർപാർവൈ, കോലമാവ് കോകില, തേന്‍മേർക്കു പരുവക്കാട്ർ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് തീപ്പെട്ടി ഗണേശൻ. എന്നാൽ കൂടുതൽ അവസരങ്ങൾ ലഭിക്കാത്തതിനാൽ കരിയർ നിലനിർത്താൻ നടന് കഴിഞ്ഞിരുന്നില്ല. സാന്പത്തിക പ്രശ്നങ്ങളെ തുടർന്ന് നടൻ ചെറിയ ബിസിനസിലേക്ക് തിരിഞ്ഞിരുന്നു.
2019ൽ പുറത്തിറങ്ങിയ സീനു രാമസ്വാമിയുടെ കണ്ണെ കലൈമാനെ എന്ന ചിത്രത്തിലാണ് തീപ്പെട്ടി ഗണേശൻ അവസാനമായി അഭിനയിച്ചത്. ലോക്ക്ഡൗൺ കാലത്ത് കടുത്ത സാന്പത്തിക പ്രയാസം നേരിട്ട നടൻ അജിത്തിനോട് സഹായം അഭ്യർത്ഥിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
അജിത്ത് മാത്രമാണ് തന്നെ യഥാർത്ഥ പേരായ കാർത്തിക് എന്ന് വിളിച്ചിരുന്നതെന്നും തന്റെ ദുരവസ്ഥ അറിഞ്ഞാൽ അദ്ദേഹം സഹായിക്കുമെന്നും നടൻ വീഡിയോയിൽ പറഞ്ഞിരുന്നു.നേരത്തെയും രാഘവ ലോറൻസ് ഗണേശനെ സഹായിച്ചിരുന്നു. സ്നേഹൻ തുടങ്ങിയ താരങ്ങളും കാർത്തിക്കിന്റെ കുടുംബത്തിന് സാന്പത്തിക സഹായം നൽകിയിരുന്നു.

