നാദിർഷയുടെ മകളുടെ വിവാഹ വസ്ത്രവും ആഭരണങ്ങളും ട്രെയ്‌നിൽ വച്ച് മറന്നു; തുടർന്ന് സംഭവിച്ചത് ....

കൊച്ചി: കഴിഞ്ഞ ദിവസമായിരുന്നു സംവിധായകനും നടനുമായ നാദിർഷയുടെ മകൾ ആയിഷയുടെ വിവാഹം. ബിലാൽ കാസർഗോഡ് വച്ചായിരുന്നു ചടങ്ങുകൾ. ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോയും എല്ലാം സോഷ്യൽ മീഡിയയിൽ വൈറലാണ്. അതേസമയം, ആയിഷയുടെ വിവാഹവുമായി ബന്ധപ്പെട്ട മറ്റൊരു വാർത്തയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
റെയിൽവേ ജീവനക്കാരുടെ സമയോചിതമായ ഇടപെടലിലൂടെയാണ് നാദിർഷയും കുടുംബവും ട്രെയ്‌നിൽ മറന്നുവെച്ച വിവാഹാവശ്യത്തിനായുള്ള ആഭരണവും വസ്ത്രവുമടങ്ങിയ ബാഗ് തിരികെ കിട്ടിയത്. മലബാർ എക്‌സ്പ്രസിൽ ആയിരുന്നു വ്യാഴാഴ്ച രാവിലെ വിവാഹത്തിനായി നാദിർഷയും കുടുംബവും കാസർഗോഡ് എത്തിയത്.
ട്രെയ്‌നിൽ നിന്നും ഇറങ്ങിയ ശേഷമാണ് ആഭരണങ്ങളടങ്ങിയ ബാഗ് മറന്നു വച്ച കാര്യം മനസിലായത്. ട്രെയ്ന്‍ അപ്പോഴേക്കും സ്‌റ്റേഷന്‍ വിട്ടിരുന്നു. ഉടന്‍ കാസർകോട് റെയിൽവേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിനെ നാദിർഷ വിവരം അറിയിച്ചു. എ−വണ്‍ കോച്ചിലായിരുന്നു ബാഗ്.
ആർ.പി.എഫ്. അപ്പോൾ തന്നെ ട്രാവലിംഗ് ടിക്കറ്റ് ഇന്‍സ്‌പെക്ടറും ബാച്ച് ഇന്‍ ചാർജുമായ എം. മുരളീധരന് വിവരം കൈമാറി. 41−ാമത്തെ സീറ്റിനടിയിൽ ബാഗ് കണ്ടെത്തുകയും ആർ.പി.ഫ് എ.എസ്.ഐ ബിനോയ് കുര്യനും കോണ്‍സ്റ്റബിൾ സുരേശനും ബാഗ് ഏൽപ്പിച്ചു. തുടർന്ന് മംഗാലപുരത്ത് എത്തിയപ്പോൾ നാദിർഷായുടെ ബന്ധുവിന് ബാഗ് കൈമാറുകയായിരുന്നു.