മാണി സി കാപ്പൻ പോയാൽ എൽഡിഎഫിന് ഒന്നും സംഭവിക്കില്ല: എംഎം മണി

തിരുവനന്തപുരം: മാണി സി കാപ്പനെ തള്ളിപറഞ്ഞ് സിപിഎം. യുഡിഎഫിലേക്ക് കാപ്പൻ ചേക്കേറുമെന്ന് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തിലാണ് സിപിഎം മുതിർന്ന നേതാവും മന്ത്രിയുമായ എംഎം മണി കാപ്പനെ തള്ളിപ്പറഞ്ഞത്. കാപ്പൻ മുന്നണിവിട്ട് പോയാൽ എൽഡിഎഫിന് ഒന്നും സംഭവിക്കില്ലെന്നും പാലായിൽ കാപ്പൻ ജയിച്ചത് സിപിഎമ്മിന്റെ സഹായത്തിലാണെന്നും മന്ത്രി തുറന്നടിച്ചു. ജനങ്ങളുടെ പിന്തുണ ഇല്ലാത്ത നേതാവാണ് കാപ്പൻ, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വളരെ കഷ്ടപ്പെട്ടാണ് അദ്ദേഹത്തെ പാലായിൽ സിപിഎം വിജയിപ്പിച്ചത്. ഓരോ തവണ തോൽക്കുമ്പോഴും സിനിമാക്കാർക്ക് പിന്നാലെ പോവുകയാണ് കാപ്പൻ ചെയ്തതെന്നും മന്ത്രി എംഎം മണി പരിഹസിച്ചു.