‘വാരിയംകുന്നന്റെ’ പേരിൽ പൃഥ്വിരാജിനെതിരേ സൈബർ ആക്രമണം
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതകഥയെ ആസ്പദമാക്കി പൃഥ്വിരാജിനെ നായകനാക്കി സംവിധായകൻ ആഷിഖ് അബു ഒരുക്കുന്ന പുതിയ സിനിമയുടെ പ്രഖ്യാപനത്തിന് പിന്നാലെ സിനിമയ്ക്കും നടൻ പൃഥ്വിരാജിനുമെതിരെ ശക്തമായ സൈബർ ആക്രമണം.
ഇത് സ്വാതന്ത്ര്യ സമരമല്ല, മാപ്പിള കലാപമാണെന്നും കൊടുംകുറ്റവാളിയായ കുഞ്ഞഹമ്മദ് ഹാജിയെ മഹത്വവത്കരിക്കുകയാണ് ചിത്രമെന്നും പറഞ്ഞാണ് രൂക്ഷമായ ആക്രമണം നടക്കുന്നത്. വാരിയം കുന്നത്ത് കുഞ്ഞമ്മദ് ഹാജി ഹിന്ദുവിരുദ്ധനാണെന്നും സിനിമ ചരിത്രത്തെ വളച്ചൊടിക്കാൻ ശ്രമിക്കുകയാണെന്നുമാണ് ഇവർ ആരോപിക്കുന്നു. ചിത്രത്തിൽ നിന്ന് പൃഥ്വി പിന്മാറണമെന്ന ആവശ്യവും ശക്തമാണ്.
ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെയുള്ള ശക്തമായ പോരാട്ടത്തിന്റെ പേരിൽ കേരളചരിത്രത്തിൽ സ്ഥാനം പിടിച്ച സംഭവമാണ് 1921ലെ മലബാർ വിപ്ലവം. വിപ്ലവത്തിനു നേതൃത്വം നൽകിയ ഏറനാട്, വള്ളുവനാട് പ്രദേശങ്ങളിലെ ധീരനായകനായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. അക്കാലത്ത് ബ്രിട്ടീഷുകാർ അവരുടെ പ്രധാനശത്രുവായി കണ്ടത് ഹാജിയെയായിരുന്നു.
മലബാർ വിപ്ലവത്തിന്റെ നൂറാം വർഷമായ 2021ലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുകയെന്ന് ആഷിക് അബു ഫേസ്ബുക്കിലൂടെ അറിയിച്ചു.

