ലോകകോടീശ്വരന്മാരുടെ പട്ടികയിൽ മുകേഷ് അംബാനി ഒന്പതാം സ്ഥാനത്ത്
മുംബൈ: ലോകകോടീശ്വരന്മാരുടെ പട്ടികയിൽ ഒന്പതാമനായി മുകേഷ് അംബാനി. ബ്ലൂംബെർഗിന്റെ പട്ടികയിലാണ് അംബാനി ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. 6450 കോടി ഡോളറിന്റെ ആസ്തിയാണ് അംബാനിയ്ക്ക് കണക്കാക്കിയിരിക്കുന്നത്. പട്ടികയിലെ ആദ്യ പത്തിൽ ഇടം നേടിയ ഏക ഏഷ്യക്കാരനും അംബാനിയാണ്. ഫ്രാൻസിലെ ഫ്രാങ്കോസ് ബെറ്റൺകോർട്ട് മെയേഴ്‌സ്, ഒറാക്കിൾ കോർപ്പറേഷന്റെ ലാരി എലിസൺ എന്നീ കോടീശ്വരൻമാരെ അംബാനി പിന്നിലാക്കി.
അതേസമയം അംബാനിയുടെ കന്പനിയായ റിലയൻസ് വിപണിമൂല്യത്തിൽ ലോകത്തിലെ 57ാമത്തെ വലിയ കന്പനി എന്ന സ്ഥാനം നേടി. ഫേസ്ബുക്ക് അടക്കമുള്ള നിരവധി പ്രമുഖ വിദേശ കന്പനികളാണ് ജിയോയിൽ നിക്ഷേപം നടത്തിയത്.
ഓഹരി വില വർധനവ് മൂലം റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപണിമൂല്യം 15,000 കോടി ഡോളറായി. ഇങ്ങനെ ഓഹരി മൂല്യം വർധിച്ചാൽ കന്പനി വൈകാതെ തന്നെ ആദ്യം 50ലും എത്തുമെന്നാണ് വിവരം. കടബാധ്യതയിൽ നിന്ന് 2021 മാർച്ചിനുള്ളിൽ കന്പനി പുറത്തുകടക്കുമെന്നായിരുന്നു മുകേഷ് വ്യക്തമാക്കിയിരുന്നത്. എന്നാൽ അതിനും മുന്പ് തന്നെ അത് സംഭവിക്കുന്ന നിലയിലാണ് സ്ഥിതിഗതി. ജിയോ പ്ലാറ്റ്‌ഫോമിൽ വിദേശ കന്പനികൾ ഇതുവരെ നിക്ഷേപിച്ചത് 1.15 ലക്ഷം കോടിയാണ്.

