വേദിയിൽ കയ്യടി, സ്വന്തം നാട്ടിൽ വധഭീഷണി; നാടുവിടേണ്ടി വന്ന് 'നാസ'യുടെ സംവിധായകർ
ഷീബ വിജയൻ
2025-ൽ മികച്ച ഡോക്യുമെന്ററിക്കുള്ള ഓസ്കർ നേടിയ 'നോ അദർ ലാൻഡ്' എന്ന ചിത്രത്തിന്റെ സംവിധായകരായ യുവൽ എബ്രഹാമും റേച്ചൽ സോറും ഒരുക്കിയ പുതിയ ഡോക്യുമെന്ററി 'നാസ' വെനീസ് ഫിലിം ഫെസ്റ്റിവലിൽ സ്പെഷ്യൽ ജൂറി പുരസ്കാരം നേടി. എന്നാൽ, ഇതിന് പിന്നാലെ സ്വന്തം നാടായ ഇസ്രായേലിലേക്ക് മടങ്ങാനാകാത്ത വിധം ഭീഷണികൾ നേരിടുകയാണ് ഇരു സംവിധായകരും.
ഇസ്രായേലിൽ ഇതുവരെ റിലീസ് ചെയ്യാത്ത ചിത്രത്തിനെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. തങ്ങളെ തൂക്കിലേറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാർ വീടിനു മുന്നിൽ പ്രകടനം നടത്തിയതായി റേച്ചൽ സോർ പറഞ്ഞു. ചലച്ചിത്ര പ്രവർത്തകരുടെ പൗരത്വം റദ്ദാക്കാനുള്ള നിയമനിർമാണം പോലും പ്രധാനമന്ത്രി നെതന്യാഹു നിർദേശിച്ചിട്ടുണ്ട്. കൂടാതെ, ഈ ചിത്രം ഇസ്രായേലിനു നേരെ തൊടുക്കുന്ന ബാലിസ്റ്റിക് മിസൈൽ പോലെയാണെന്നും അദ്ദേഹം വിമർശിച്ചു.
2023 ഒക്ടോബർ 7-ലെ ഹമാസ് ആക്രമണത്തിനു ശേഷം ഗസ്സയിൽ ഇസ്രായേൽ സൈന്യം നടത്തുന്ന സൈനിക നടപടികളാണ് ചിത്രം ചർച്ച ചെയ്യുന്നത്. ടെൽ അവീവിലെ കെട്ടിടങ്ങൾക്ക് മുകളിൽ വച്ച് എബ്രഹാം അഭിമുഖം ചെയ്ത 24 മിലിട്ടറി ഇന്റലിജൻസ് ഉദ്യോഗസ്ഥരുടെയും സൈനികരുടെയും മൊഴികളാണ് ചിത്രത്തിന്റെ ആധാരം. വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെടാൻ സാധ്യതയുള്ള സാധാരണക്കാരുടെ എണ്ണത്തെ സൂചിപ്പിക്കാൻ ഇസ്രായേൽ ഇന്റലിജൻസ് ഉപയോഗിക്കുന്ന പദമാണ് 'നാസ'.
ഗസ്സയിൽ ഇസ്രായേൽ കൊല്ലുന്ന സാധാരണക്കാരെക്കുറിച്ച് ഇസ്രായേലി സമൂഹത്തിൽ തുറന്ന ചർച്ചകൾ ഉണ്ടാക്കാനാണ് ഹീബ്രു ഭാഷയിൽ ഈ ചിത്രം നിർമിച്ചതെന്ന് എബ്രഹാം പറഞ്ഞു. എന്നാലും, നിലവിലെ അന്തരീക്ഷത്തിൽ നാട്ടിലേക്ക് മടങ്ങുന്നത് സുരക്ഷിതമല്ലെന്ന് ബന്ധുക്കളും സുഹൃത്തുക്കളും മുന്നറിയിപ്പ് നൽകുന്നു. സത്യസന്ധമായ കാര്യങ്ങൾ തുറന്നുപറയുന്നതിന് ചിലപ്പോൾ വലിയ വില നൽകേണ്ടിവരുമെന്നും, ഭാവിയിൽ ഇസ്രായേലും ഫലസ്തീനും സമാധാനപൂർണ്ണമായ ഇടങ്ങളാകുമെന്ന് പ്രത്യാശിക്കുന്നതായും സംവിധായകർ വ്യക്തമാക്കി.
bdgdfdfdfs
xzcvcvcx

