മഞ്ജു വാര്യരുടെ പരാതിയിൽ ശ്രീകുമാർ മേനോനോട് ഹാജരാവാൻ നിർദ്ദേശം
തൃശ്ശൂർ: സംവിധായകൻ ശ്രീകുമാർ മേനോന്റെ പേരിലുള്ള നടി മഞ്ജു വാര്യരുടെ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. അസിസ്റ്റന്റ് കമ്മീഷണർ സി.ഡി ശ്രീനിവാസൻ മഞ്ജു വാര്യരോടും ശ്രീകുമാർമേനോനോടും മൊഴിയെടുക്കലിന് ഹാജരാവാൻ നിർദ്ദേശിച്ചു. മഞ്ജു വെള്ളിയാഴ്ച ഹാജരായേക്കുമെന്നാണു സൂചന. അടുത്തദിവസം തന്നെ ഹാജരാവാനാണ് ശ്രീകുമാർ മേനോനോടും ആവശ്യപ്പെട്ടിട്ടുള്ളത്. ശ്രീകുമാർ മേനോൻ തന്നെ അപായപ്പെടുത്താൻ ശ്രമിക്കുമെന്ന് ഭയപ്പെടുന്നതായി ചൂണ്ടിക്കാട്ടി ഡിജിപിക്ക് പരാതി നൽകിയിരുന്നു. തൃശ്ശൂർ ഈസ്റ്റ് പോലീസാണ് കേസെടുത്തിരിക്കുന്നത്. ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. ശ്രീകുമാർ മേനോനിൽനിന്ന് തനിക്ക് വധഭീഷണി ഉൾപ്പെടെ ഉണ്ടെന്നും പരാതിയിൽ പറഞ്ഞിട്ടുള്ളതായാണ് സൂചന. തിങ്കളാഴ്ച വൈകിട്ടോടെ ഡിജിപി ലോക്നാഥ് ബഹ്റയെ നേരിൽക്കണ്ട് മഞ്ജു പരാതി ബോധിപ്പിക്കുകയായിരുന്നു. ശ്രീകുമാർ മേനോന് തന്നോട് വ്യക്തിവൈരാഗ്യമുണ്ടെന്ന് പരാതിയിൽ പറയുന്നു. ഒടിയൻ സിനിമയുടെ നിർമ്മാണ കാലംമുതൽ ശ്രീകുമാർ മേനോന് തന്നോട് വ്യക്തിവിരോധം ഉണ്ടായിരുന്നു. അതിന്റെ തുടർച്ചയായി തന്നെ ഭീഷണിപ്പെടുത്തുകയും സമൂഹമാധ്യമങ്ങളിലടക്കം അപകീർത്തിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ വ്യക്തമാക്കുന്നു. ഔദ്യോഗികാവശ്യങ്ങൾക്കായി നൽകിയ ലെറ്റർ ഹെഡും മറ്റു രേഖകളും ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന് ഭയപ്പെടുന്നതായും പരാതിയിൽ പറയുന്നുണ്ട്. ശ്രീകുമാർ മേനോനും സുഹൃത്തും തനിക്കെതിരെ ഗൂഢാലോചന നടത്തുന്നതായും തനിക്കൊപ്പം പ്രവർത്തിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നതായും പരാതിയിൽ ആരോപിക്കുന്നതായാണ് സൂചന. വിവാഹശേഷം സിനിമയിൽനിന്ന് വിട്ടുനിന്ന മഞ്ജു വാര്യർ ഏറെക്കാലത്തിനു ശേഷം തിരിച്ചെത്തിയത് ശ്രീകുമാർ മേനോന്റെ പരസ്യ ചിത്രത്തിലൂടെയായിരുന്നു. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഒടിയന് എന്ന സിനിമയിൽ മഞ്ജു വാര്യർ ആയിരുന്നു നായിക.

