ഉദ്ധം സിംഗ് ആയി വിക്കി കൗശൽ
ന്യൂഡൽഹി: സ്വാതന്ത്ര്യ സമര സേനാനിയായ ഉദ്ധം സിംഗ് ആയി വിക്കി കൗശൽ എത്തുന്നു. ഇന്ത്യ, റഷ്യ, ലണ്ടൻ, അയർലണ്ട്, ജെർമ്മനി എന്നീ 5 രാജ്യങ്ങളിലാണ് ചിത്രം ചിത്രീകരിക്കുക. ചിത്രത്തിനായി വിക്കി കൗശൽ 13 കിലോയോളം കുറച്ച വാർത്തയും ആരാധകർക്കിടയിൽ ചർച്ചയായിരുന്നു. ഉദ്ദം സിംഗിന്റെ ജീവിതം പ്രമേയമാകുന്ന സിനിമയിൽ അഭിനയിക്കാനാകുന്നത് ബഹുമതിയാണെന്ന് വിക്കി കൌശൽ പറഞ്ഞിരുന്നു. ചിരഞ്ജീവിയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 1919ലെ ക്രൂരമായ ജാലിയൻവാലാബാഗ് കൂട്ടക്കൊലയെ ന്യായീകരിച്ച മൈക്കിൾ ഓ’ഡ്വിയറിനെ വെടിവെച്ചുകൊന്നയാളാണ് ഉദ്ധം സിംഗ്. ഷൂജിത് സിർകാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഇന്ത്യൻ സൈന്യം നടത്തിയ സർജിക്കൽ സ്‍ട്രൈക്ക് പ്രമേയമായി ഒരുക്കിയ ഉറി: ദ സർജിക്കൽ സ്ട്രൈക്ക് എന്ന സിനിമയിലൂടെ ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് വിക്കി കൗശൽ. ചിത്രത്തിലെ അഭിനയത്തിന് വിക്കി കൌശലിന് മികച്ച നടനുള്ള ദേശീയ അവാർഡും ലഭിച്ചിരുന്നു.

