മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കി സ്വദേശി യുവാവിന്റെ മരണത്തിന് കാരണക്കാരനായ പ്രവാസിക്ക് 7 വർഷം തടവ്


പ്രദീപ് പുറവങ്കര

ബഹ്‌റൈനിൽ ട്രാഫിക് സിഗ്നൽ മറികടന്ന് മദ്യപിച്ച് അമിതവേഗതയിൽ വാഹനം ഓടിച്ച് മറ്റൊരു കാർ യാത്രികന്റെ മരണത്തിന് കാരണക്കാരനായ 30-കാരനായ ശ്രീലങ്കൻ സ്വദേശിക്ക് ഹൈ ക്രിമിനൽ കോടതി ഏഴ് വർഷം തടവ് ശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇയാളെ രാജ്യത്തുനിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

മദ്യപിച്ച് വാഹനം ഓടിക്കൽ, അശ്രദ്ധമായ ഡ്രൈവിംഗ്, ചുവപ്പ് സിഗ്നൽ ലംഘിക്കൽ, അനുവദനീയമായ വേഗപരിധിയേക്കാൾ 30 ശതമാനത്തിലധികം വേഗതയിൽ സഞ്ചരിക്കൽ, പൊതുമുതൽ നശിപ്പിക്കൽ, യാത്രക്കാരന് പരിക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ പ്രതിക്കെതിരെ തെളിഞ്ഞു. റിഫയിൽ നിന്ന് ഉം അൽ ഹസം ഭാഗത്തേക്ക് പോകുന്നതിനിടെ ഷെയ്ഖ് ജാബർ അൽ അഹമ്മദ് അൽ സബാ ഹൈവേയിൽ ഏപ്രിൽ 3-ന് പുലർച്ചെ 2.25-നായിരുന്നു ദാരുണമായ ഈ അപകടം നടന്നത്.

താൻ സുഹൃത്തിനൊപ്പം മദ്യപിച്ച ശേഷം മടങ്ങുകയായിരുന്നുവെന്നും സിഗ്നൽ ചുവപ്പായ സമയത്ത് ബ്രേക്ക് ചവിട്ടിയെങ്കിലും വാഹനം നിർത്താൻ സാധിച്ചില്ലെന്നും പ്രതി പ്രൊസിക്യൂഷന് മൊഴി നൽകിയിരുന്നു. 80 കിലോമീറ്റർ വേഗപരിധിയുള്ള റോഡിൽ 110 കിലോമീറ്റർ വേഗതയിലായിരുന്നു ഇയാൾ വാഹനം ഓടിച്ചിരുന്നത്. പ്രതിയുടെ രക്തപരിശോധനയിൽ 0.202 ശതമാനം മദ്യത്തിന്റെ അളവ് കണ്ടെത്തുകയും ചെയ്തു.

നിയന്ത്രണം വിട്ട പ്രതിയുടെ വാഹനം സിത്ര ഭാഗത്തുനിന്ന് വന്ന കാറിലിടിക്കുകയും, ഇതേത്തുടർന്ന് മറ്റൊരു മൂന്നാമത്തെ വാഹനം കൂടി അപകടത്തിൽപ്പെടുകയുമായിരുന്നു. അപകടത്തിൽ കാറിനുള്ളിൽ കുടുങ്ങിയ ഫഹദ് അലി യൂനുസ് എന്ന യുവാവ് സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. കൂടെയുണ്ടായിരുന്ന യാത്രക്കാരന് ഗുരുതരമായി പരിക്കേൽക്കുകയും സിവിൽ ഡിഫൻസ് സംഘം എത്തിയാണ് ഇയാളെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയതെന്നും പ്രൊസിക്യൂഷൻ വ്യക്തമാക്കി.

article-image

dgvsg

You might also like

  • Lulu Exchange
  • Straight Forward

Most Viewed