പ്രളയത്തിൽ അബ്‍ദുൽ റസാഖിന്റെ മക്കളുടെ വിദ്യാഭ്യാസച്ചെലവ് ഏറ്റെടുത്ത് മോഹൻലാൽ
തിരുവനന്തപുരം: മഴ ദുരിതത്തിൽ പെട്ട് മരണപ്പെട്ട മലപ്പുറം സ്വദേശി അബ്‍ദുൽ റസാഖിന്റെ രണ്ട് മക്കളുടെയും വിദ്യാഭ്യാസച്ചെലവുകൾ ഏറ്റെടുത്ത് മോഹൻലാൽ ചെയർമാനായ വിശ്വശാന്തി ഫൌണ്ടേഷൻ. മേജർ രവിയാണ് ഇക്കാര്യം അറിയിച്ചത്. വിശ്വശാന്തി ഫൌണ്ടേഷന്റെ ഡയറക്ടർ മേജർ രവി മോഹൻലാലിന്റെ നിർദ്ദേശപ്രകാരം അബ്‍ദുൽ റസാഖിന്റെ കുടുംബത്തെ സന്ദർശിച്ചു.
അബ്‍ദുൾ റസാഖിന്റെ മൂത്ത മകൻ പതിനൊന്നാം ക്ലാസ്സിലും രണ്ടാമത്ത മകൻ ഒന്പതാം ക്ലാസ്സിലുമാണ് പഠിക്കുന്നത്. ഇവരുടെ ഡിഗ്രി വരെയുള്ള പഠന ചിലവുകളാണ് മോഹൻലാലിന്റെ വിശ്വശാന്തി ഫൌണ്ടേഷൻ ഏറ്റെടുക്കുക. അടിയന്തര സാന്പത്തിക സഹായമായി ഒരു ലക്ഷം രൂപയുടെ ചെക്കും നൽകി. രണ്ടു കുട്ടികളുമായും മോഹൻലാൽ ഫോണിൽ സംസാരിക്കുകയും ചെയ്‍തു.
വെള്ളക്കെട്ടിൽ വീണ സഹോദരന്റെ മക്കളെ രക്ഷിക്കാൻ ശ്രമിക്കുന്പോഴായിരുന്നു അബ്‍ദുൽ റസാഖിന്റെ മരണം. കുട്ടികളെ രക്ഷപ്പെടുത്തിയ ശേഷം അബ്‍ദുൽ റസാഖ് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
മഴ ദുരിതത്തിൽ രക്ഷാപ്രവർത്തനത്തിനിടെ മരിച്ച ലിനുവിന് സഹായവുമായും നടൻ മോഹൻലാൽ ചെയർമാനായിട്ടുള്ള വിശ്വശാന്തി ഫൗണ്ടേഷൻ രംഗത്ത് എത്തിയിരുന്നു. ലിനുവിന്റെ കുടുംബത്തിന്റെ വീട് നിർമ്‍മിച്ച് നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. അടിയന്തര സഹായമായി ലിനുവിന്റെ അമ്മ പുഷ്‍പലതയ്‍ക്ക് ഒരു ലക്ഷം രൂപയും നൽകി. ലിനുവിന്റെ കടം വീട്ടാനുള്ള സഹായവും വിശ്വശാന്തി ഫൌണ്ടേഷൻ നൽകുമെന്നും മേജർ രവി അറിയിച്ചു.

