മോഹൻലാലിന്റെ മരക്കാർ; മമ്മൂട്ടി മരക്കാരാകുന്ന ചിത്രത്തിന്റെ തിരക്കഥ മോഷ്ടച്ചെന്ന് ആരോപണം
കൊച്ചി: മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കുന്ന ബിഗ്ബജറ്റ് ചിത്രം മരക്കാർ അറബിക്കടലിന്റെ തിരക്കഥ തന്റേതാണെന്ന അവകാശവാദവുമായി പ്രശസ്ത രചയിതാവ് ടി.പി രാജീവൻ രംഗത്ത്. മമ്മൂട്ടിയെ നായകനാക്കി ഷാജി നടേശൻ നിർമ്മിക്കാനിരുന്ന കുഞ്ഞാലി മരക്കാരുടെ രചയിതാക്കളിൽ ഒരാളാണ് ടി.പി രാജീവൻ.
തന്റെ തിരക്കഥ മോഷ്ടിച്ചാണ് പ്രിയദർശൻ സിനിമയൊരുക്കുന്നതെന്നാണ് ഉയർന്നിരിക്കുന്ന ആരോപണം. ശങ്കർ രാമകൃഷ്ണനോപ്പം ചേർന്ന് ടി.പി രാജീവൻ ആണ് ഈ പ്രോജക്ടിന് തിരക്കഥ ഒരുക്കുക എന്നായിരുന്നു വാർത്തകൾ വന്നത്. എന്നാൽ മോഹൻലാൽ− പ്രിയദർശൻ ചിത്രം ആരംഭിച്ചതോടെ ഈ പ്രോജെക്ടിനെ പറ്റി കൂടുതൽ ഒന്നും കേട്ടില്ല.
അതേസമയം ടി.പി രാജീവൻ ഉന്നയിച്ച ആരോപണം നിഷേധിച്ചു കൊണ്ട് പ്രിയദർശനും രംഗത്ത് വന്നിട്ടുണ്ട്. കുഞ്ഞാലി മരക്കാർ എന്ന പ്രോജെക്ടിനെ കുറിച്ച് സംസാരിക്കാൻ ടി.പി രാജീവനെ താൻ കണ്ടിട്ടുണ്ട് എന്നത് സത്യം ആണെങ്കിലും ഇതിന്റെ തിരക്കഥ ദാമോദരൻ മാഷ് ഒരുക്കിയതിനെ അടിസ്ഥാനപ്പെടുത്തിയാണ് ചെയ്തിരിക്കുന്നത് എന്നും ധൈര്യമുണ്ടെങ്കിൽ ടി.പി രാജീവൻ താൻ എഴുതിയ കഥ വെളിപ്പെടുത്തണം എന്നും പ്രിയൻ വെല്ലുവിളിക്കുന്നു.
അതേസമയം അന്തരിച്ചു പോയ ടി. ദാമോദരൻ മാഷ് എഴുതി നൽകിയ പൂർണ്ണമാവാത്ത തിരക്കഥയെ അധികരിച്ചു പ്രിയദർശനും ഐ. വി ശശിയുടെ മകൻ ആയ അനി ഐ.വി ശശിയും ആണ് ഈ ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നതെന്നാണ് മാമാങ്കത്തിന്റെ അണിയറപ്രവർത്തകർ പറയുന്നത്.

