പരിക്കിനെ പറ്റി തർക്കിക്കാൻ ഇല്ലെന്ന് എൽദോ എബ്രഹാം എം.എൽ.എ
കൊച്ചി: പൊലീസ് ലാത്തിച്ചാർജ്ജിനിടെ കൈ തല്ലി ഒടിച്ചെന്ന ആരോപണത്തിൽ പുതിയ വിശദീകരണവുമായി എൽദോ എബ്രഹാം എം.എൽ.എ. പരിക്കിന്‍റെ അളവ് അന്വേഷിക്കുന്നത് നല്ല രീതിയല്ലെന്നാണ് എൽദോ എബ്രഹാം പറയുന്നത്.
ജലപീരങ്കി പ്രയോഗിച്ചപ്പോൾ തന്നെ തെറിച്ച് വീണു. പരിക്കേറ്റ് എറണാകുളം ജില്ലാ ആശുപത്രിയിലെത്തി. ഡോക്ടർമാരുടെ പരിശോധനയിൽ കൈ മുട്ടിൽ നേരിയ പൊട്ടൽ കണ്ടെത്തിയിരുന്നു. അത് ഗുരുതരമായ ഒരു പൊട്ടലാണെന്ന് എവിടെയും പറഞ്ഞില്ലിട്ടില്ലെന്നും എൽദോ എബ്രഹാം പറഞ്ഞു. പരിക്കിനെ കുറിച്ച് കൂടുതൽ തർക്കത്തിനില്ലെന്നും എൽദോ എബ്രഹാം വിശദീകരിച്ചു.
മർദ്ദനമേറ്റതിന് ശേഷം മർദ്ദിച്ചതിന്‍റെ ആഴവും അളവും എടുക്കുന്നത് ശരിയായ നടപടിയല്ല. പൊലീസ് ശ്രമിക്കുന്നത് സ്വയം രക്ഷപ്പെടാനാണ്. അവരുടെ നിലനിൽപ്പിന്‍റെ കൂടി പ്രശ്നമാണെന്നും എൽദോ എബ്രഹാം പറയുന്നു. പൊലീസ് അതിക്രമക്കേസിൽ വിശദമായ റിപ്പോർട്ട് എറണാകുളം ജില്ലാ കളക്ടർ സമർപ്പിച്ചാൽ ഉടൻ തന്നെ ഉചിതമായ നടപടി സർക്കാരിന്‍റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും എം.എൽ.എ പറഞ്ഞു.

