സൈബർ ആക്രമണം സ്ത്രീയായതിനാലെന്ന് ആശ ശരത്ത്
തിരുവനന്തപുരം: സിനിമയുടെ പ്രചാരണത്തിനായി ഭർത്താവിനെ കാണാനില്ലെന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ വിവാദമായതോടെ നിലപാട് വ്യക്തമാക്കി നടിയും നർത്തകിയുമായ ആശ ശരത് രംഗത്ത്. ഓൺലൈൻ വഴി തെറ്റായ പ്രചാരണം നടത്തിയവർക്കെതിരെ ആശ ഡി.ജി.പിക്ക് പരാതി നൽകി. സ്ത്രീയായതുകൊണ്ടുമാത്രമാണ് സൈബർ ലോകത്ത് തനിക്കുനേരെ വലിയ അസഭ്യവർഷം നടന്നതെന്ന് അവർ പറഞ്ഞു. സീരിയൽ രംഗത്തെ ശ്രദ്ധേയനായ സംവിധായകന്‍ കെ.കെ രാജീവ് ഒരുക്കിയ ‘എവിടെ’ എന്ന സിനിമയുടെ പ്രചാരണത്തിനായി ആശ പോസ്റ്റ് ചെയ്ത സെൽഫി വീഡിയോ ആണ് വിവാദമായത്. ഭർത്താവിനെ കാണാനില്ലെന്നും കണ്ടെത്തുന്നവർ പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നുമായിരുന്നു നടിയുടെ അഭ്യർഥന.
എന്നാൽ, പ്രചാരണ വീഡിയോയുടെ തുടക്കത്തിലും ഒടുക്കത്തിലും ‘എവിടെ’ സിനിമയുടെ പ്രചാരണമാണെന്ന് എഴുതിക്കാട്ടിയിരുന്നെന്ന് ആശ ന്യായീകരിച്ചു. എന്നാൽ, ആ ഭാഗങ്ങൾ എഡിറ്റുചെയ്ത് നീക്കിയ
വീഡിയോ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. ഇതിന്റെ ഭാഗമായി കുറച്ചുപേരെങ്കിലും തെറ്റിദ്ധരിക്കപ്പെടാൻ ഇടവന്നതിൽ ഖേദമുണ്ടെന്നും നടി പറഞ്ഞു.
എന്നാൽ, വീഡിയോയുടെ പേരിൽ ചിലർ സൈബർ ലോകത്ത് പിന്തുടർന്ന് വേട്ടയാടി. ഒരേസംഘം തന്നെ വിവിധ സൈബർ ഇടങ്ങളിൽ മോശംവാക്കുകൾ ഉപയോഗിച്ച് കമന്റുകളിട്ടു. അവരുടെ പട്ടിക ഉൾപ്പെടെയാണ് കഴിഞ്ഞദിവസം ഡി.ജി.പിക്ക് പരാതി നൽകിയത്. സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ആരെങ്കിലും പരാതി കൊടുത്തതായി ഔദ്യോഗികമായിവിവരമില്ലെന്നും അവർ പറഞ്ഞു.
ഒരു പുരുഷതാരമാണ് ഇങ്ങനെയൊരു വീഡിയോ പോസ‌്റ്റ‌് ചെയ‌്തിരുന്നതെങ്കിൽ ഇതുപോലെ ആക്രമണം ഉണ്ടാകുമായിരുന്നില്ല. മുന്പ് പത്മരാജന്റെ ‘ഇന്നലെ’ എന്ന സിനിമക്കുവേണ്ടി ശോഭനയുടെ ചിത്രം ഉൾപ്പെടുത്തി ‘കാൺമാനില്ല’ എന്ന് പത്രങ്ങളിൽ പരസ്യം വന്നിരുന്നു. അന്നൊന്നും ഇത്തരം ആക്രമണങ്ങൾ ഉണ്ടായിട്ടില്ലെന്നും ആശ ശരത‌് ചൂണ്ടിക്കാട്ടി. സിനിമയുടെ മറ്റ് അണിയറപ്രവർത്തകർക്കൊപ്പമാണ് ആശ തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ടത്. താരങ്ങളില്ലാത്ത സിനിമകളെ തിയേറ്ററുകളും വിതരണക്കാരുമൊക്കെ തഴയുന്ന പ്രവണത തുടരുകയാണെന്ന് ചിത്രത്തിന്റെ നിർമ്മാതാവും നടനുമായ പ്രേം പ്രകാശ് പറഞ്ഞു.

