ഹുമ ഖുറേഷിയും ഹോളിവുഡിലേക്ക്
ന്യൂഡൽഹി: അമേരിക്കൻ സൂപ്പർഹീറോ ചിത്രങ്ങളുടെ സംവിധായകനായ സാക് സ്‌നൈഡറിന്റെ പുതിയചിത്രം ആർമി ഓഫ് ഡെഡിൽ അഭിനയിക്കാൻ ഹുമ ഖുറേഷിക്ക് ക്ഷണം. ആക‌്ഷൻ− കോമഡി ചിത്രപരന്പരകളിലൂടെ ശ്രദ്ധിക്കപ്പെട്ട പ്രമുഖ സംവിധായകൻ മികച്ച കഥാപാത്രത്തെയാണ് ഹുമയ്ക്കായി കരുതിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. ദീപിക പദുക്കോൺ, പ്രിയങ്ക ചോപ്ര തുടങ്ങിയവരും മുന്പ് ബോളിവുഡിൽ സജീവമായിരിക്കെത്തന്നെ ഹോളിവുഡ് അവസരങ്ങൾ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഹോളിവുഡിലേക്ക് സ്ഥിരമായി ചേക്കേറാനല്ല, നല്ല കഥാപാത്രവും സിനിമയും ആണെങ്കിൽ അതിനൊടൊപ്പം സഹകരിക്കുക എന്നതാണ് തന്റെ സമീപനമെന്ന് ഹുമ പറയുന്നു. നല്ല കഥാപാത്രമായാൽ തമിഴായാലും ഹിന്ദി ആയാലും ഇംഗ്ലീഷ് ആയാലും ചെയ്യുമെന്ന് താരം പറയുന്നു. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും. ഏഴുവർഷത്തിലേറെയായി ചലച്ചിത്രരംഗത്ത് ഉണ്ടെങ്കിലും ഇരുപതിൽ താഴെ സിനിമകൾ മാത്രമേ ഹുമ ചെയ്തിട്ടുള്ളൂ, പക്ഷേ എല്ലാം കാന്പുള്ള വേഷങ്ങളായിരുന്നു.
ഡൽഹിക്കാരിയായ താരത്തെ ബോളിവുഡിൽ അവതരിപ്പിച്ചത് അനുരാഗ‌് കശ്യപ് ആണ്. ഗ്യാങ്‌സ് ഓഫ് വശ്യപൂർ(2012) ഹുമയ്ക്ക് മികച്ച തുടക്കം നൽകി. പരീക്ഷണാത്മകമായ ചിത്രങ്ങളോടാണ‌് താരം എന്നും കൂറ് പുലർത്തിയിട്ടുള്ളത്. ദേഹ് ഇഷിഖിയ, ഏക് തീ ദയാൻ, ബദ്‌ലാപൂർ, മറാത്തി ചിത്രം ഹൈവേ തുടങ്ങിയവ ശ്രദ്ധിക്കപ്പെട്ടു.
വൈറ്റ് (2016) എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായെങ്കിലും മലയാളത്തിൽ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. എന്നാൽ, രജനികാന്ത് ചിത്രം കാല (2018) ഹുമ ഖുറേഷിക്ക് തെന്നിന്ത്യയിൽ വലിയ സ്വീകാര്യത നൽകി. ബോളിവുഡ് മുഖ്യധാരയിൽനിന്ന് വിട്ട് നെറ്റ്ഫ്ലിക്സിന്റെ ഓൺലൈൻ പരന്പര സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ് ഹുമ ഇപ്പോൾ. ദീപ മെഹ്ത സംവിധാനംചെയ്യുന്ന ലൈല എന്ന സീരീസ് മികച്ച പ്രതികരണമാണ് സൃഷ്ടിക്കുന്നത്.
നാടകരംഗത്തുനിന്ന‌് സിനിമയിലെത്തിയ ഹുമ ശക്തമായ കഥാപാത്രങ്ങൾക്കായുള്ള കാത്തിരിപ്പിലാണ്.

