കങ്കണയെ വെറുക്കുന്നവർ പാകിസ്ഥാൻ സ്‌നേഹികളും ആക്രമണസ്വഭാവമുള്ളവരും; വിവാദ പ്രസ്താവനയുമായി നടിയുടെ സഹോദരി
ന്യൂഡൽഹി: കങ്കണയെ വെറുക്കുന്നവർ പാകിസ്ഥാൻ സ്‌നേഹികളെന്ന വിവാദ പ്രസ്താവനയുമായി നടിയുടെ സഹോദരിയും മാനേജരുമായ രംഗോലി ചന്ദേൽ രംഗത്ത്‍. കങ്കണയെ വെറുക്കുന്നവർക്ക് പൊതുവായി ചില സ്വഭാവങ്ങളുണ്ട്. അവരുടെ ട്വിറ്റർ അക്കൗണ്ടുകൾ പരിശോധിച്ചാൽ അതു വ്യക്തമാകും. അവർ ഒന്നുകിൽ ഹിന്ദുത്വത്തിനെതിരായി നിൽക്കുന്നവരായിരിക്കും, അല്ലെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെറുക്കുന്നവരായിരിക്കും. പാകിസ്ഥാനെ സ്നേഹിക്കുന്നവരായിരിക്കും. ആക്രമണസ്വഭാവമുള്ളവരുമായിരിക്കും. രംഗോലി ട്വീറ്റ് ചെയ്തു.
മോദിയെ പിന്തുണയ്ക്കുന്നതിലാണ് ആളുകൾ കങ്കണയെ പരസ്യമായി വിമർശിക്കുന്നതെന്ന ട്വീറ്റുകൾക്ക് പ്രതികരണമായാണ് രംഗോലിയുടെ ട്വീറ്റ്. ഇത്തരം ആളുകൾക്ക് മേൽപ്പറഞ്ഞ സവിശേഷതകൾ ഇല്ലാത്ത ഒരാളെ കാണിച്ചു തരൂവെന്നും കണ്ടെത്തിയാൽ ഉടൻ തന്റെ ട്വിറ്റർ അക്കൗണ്ട് പിൻവലിക്കുമെന്നും രംഗോലി ട്വീറ്റ് ചെയ്തു.
നരേന്ദ്ര മോദിയുടെ കടുത്ത ആരാധികയാണെന്ന് കങ്കണ പല തവണ വെളിപ്പെടുത്തിയിട്ടുള്ളതാണ്. മോദിയെ പോലെ ചായക്കടയിൽ ജോലി ചെയ്തിരുന്ന ഒരാൾ പ്രധാനമന്ത്രിയായി എന്നത് രാജ്യത്തെ സംബന്ധിച്ചിടത്തോളം ജനാധിപത്യത്തിന്റെ വിജയമാണെന്നും കങ്കണ മുന്പു പലതവണ പറഞ്ഞിട്ടുണ്ട്.

