വാട്ടർ മെട്രോയ്ക്ക് 579.71 കോടി വിദേശസഹായം ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ അനുമതി
കൊച്ചി: സംയോജിത ജലഗതാഗത സംവിധാനത്തിന്‍റെ ഭാഗമായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) ആവിഷ്കരിച്ച രാജ്യത്തെ ആദ്യ ജലമെട്രോ (വാട്ടർ മെട്രോ) പദ്ധതിക്കായി വിദേശ ധനസഹായം സ്വീകരിക്കാൻ കേന്ദ്രസർക്കാരിന്‍റെ അനുമതി. ജർമൻ ധനകാര്യ ഏജൻസിയായ കെഎഫ്ഡബ്ല്യുവിൽനിന്ന് 579.71 കോടി രൂപ വായ്പ സ്വീകരിക്കാനാണ് അനുമതി ലഭിച്ചത്. ഇതുസംബന്ധിച്ചു കേന്ദ്ര ഗതാഗത മന്ത്രാലയവും പദ്ധതിയുടെ നടത്തിപ്പ് ഏജൻസിയായ കെഎംആർഎലും ചേർന്നു കെഎഫ്ഡബ്ല്യുവുമായി ധാരണാപത്രം ഒപ്പുവച്ചു. കൊച്ചിയിലെ ദ്വീപുകളെ തമ്മിൽ ബന്ധിപ്പിച്ചു ജലഗതാഗതം കാര്യക്ഷമമാക്കുന്ന പദ്ധതിക്കായി 682.01 രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. വിദേശവായ്പയ്ക്കുശേഷം വരുന്ന 102.30 കോടി രൂപ സംസ്ഥാന സർക്കാർ കണ്ടെത്തണം. സ്ഥലം ഏറ്റെടുക്കലിനും പ്രാരംഭ പ്രവർത്തനങ്ങൾക്കുമുള്ള തുകയാണിത്. ഭൂമി ഏറ്റെടുക്കലിന് കൂടുതലായി വരുന്ന 72 കോടിരൂപ കൂടി നൽകാമെന്നു സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ട്.
കൊച്ചിക്കു ചുറ്റുമുള്ള 76 കിലോമീറ്റർ കായൽ മേഖലയിലാണു വാട്ടർമെട്രോ സർവീസ്. നഗരത്തോട് ചേർന്നുകിടക്കുന്ന പത്തു ദ്വീപുകളും പദ്ധതിയുടെ കീഴിൽ വരും. 41 ബോട്ട് ജെട്ടികൾ ബന്ധിപ്പിച്ച 55 ബോട്ടുകൾ പദ്ധതിയുടെ ഭാഗമായി സർവീസ് നടത്തും. ആദ്യഘട്ടമെന്ന നിലയിൽ 36 ബോട്ടുകളുടെ ടെൻഡർ നടപടികൾ ആരംഭിച്ചു. കറ്റാമറയിൻ വിഭാഗത്തിൽ 100 യാത്രക്കാർക്കു സഞ്ചരിക്കാൻ ശേഷിയുള്ള ബോട്ടുകൾക്കാണ് ടെൻഡർ ക്ഷണിച്ചിരിക്കുന്നത്. ഓരോ ബോട്ടിനും രണ്ടു ഹള്ളുകളും ഒരു ഡക്കും ഉണ്ടാകും. 10 നോട്ടിക്കൽ വേഗത്തിൽ സഞ്ചരിക്കാനാകുന്ന ബോട്ടുകളാണു പദ്ധതിക്കായി ഉപയോഗിക്കുന്നത്. കെഎംആർഎൽ നിർദേശിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കപ്പെടണമെന്നും ടെൻഡർ വ്യവസ്ഥയിൽ പറയുന്നു.

