ഇന്ത്യയുടെ അഭിമാനമായി ഷാങ്ഹായി അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ‘വെയില്‍മരങ്ങള്‍’


ചെന്നൈ: ഡോ. ബിജുവിന്റെ പുതിയ ചിത്രം ‘വെയില്‍മരങ്ങള്‍’ ഇരുപത്തിരണ്ടാമത് ഷാങ്ഹായി അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ‘ബെസ്റ്റ് ആര്‍ട്ടിസ്റ്റിക് അച്ചീവ്മെന്റ് പുരസ്‌കാരത്തിന് അർഹമായി. ലോകത്തെ ഏറ്റവും പ്രമുഖ ചലച്ചിത്ര മേളകളിലൊന്നായ ഷാങ്ഹായ്‌ലെ പ്രധാന മത്സര വിഭാഗമായ ‘ഗോള്‍ഡന്‍ ഗോബ്ലറ്റ് ‘ പുരസ്‌കാരം നേടിയ ചിത്രത്തിനൊപ്പം അവസാന നിമിഷം വരെ മത്സരിച്ച മികവുറ്റ ചിത്രത്തിന് ലഭിക്കുന്ന പുരസ്‌കാരമാണ് ഇത്.

 ബെസ്റ്റ് ആര്‍ട്ടിസ്റ്റിക് അച്ചീവ്മെന്റ്’ നേടിയതിലൂടെ ഷാങ്ങ്ഹായ് ഫെസ്റ്റിവലില്‍ ഏതെങ്കിലുമൊരു പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രമായി വെയില്‍മരങ്ങള്‍ മാറി. അന്താരാഷ്ട്ര മേളകളുടെ ആധികാരിക നേതൃത്വമായ ‘ഫിയാപ്ഫി’ന്റെ അംഗീകാരമുള്ള 

ലോകത്തെ പ്രധാനപ്പെട്ട പതിനഞ്ചു ചലച്ചിത്രമേളകളില്‍ ഒന്നാണ് ഷാങ്ഹായിലേത്.

ഇന്ത്യന്‍ സിനിമകള്‍ , പ്രത്യേകിച്ചു മലയാളസിനിമകള്‍ ഈ 15 മേളകളില്‍ ഏതെങ്കിലുമൊന്നില്‍, പ്രധാന മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത് വളരെ അപൂര്‍വമാണ് . ഏഷ്യയിലെ ഏറ്റവും വലിയ ചലച്ചിത്ര മേളയായ ഷാങ്ഹായി മേളയിലെ പ്രധാന മത്സര വിഭാഗമായ ഗോള്‍ഡന്‍ ഗോബ്ലറ്റ് പുരസ്‌കാരത്തിനായി ഒരു ഇന്ത്യന്‍ സിനിമ ഇതിന് മുന്‍പ് മത്സരിക്കുന്നത് 2012 ല്‍ ആണ്.

ഡോ.ബിജുവിന്റെ തന്നെ ‘ആകാശത്തിന്റെ നിറം’ ആയിരുന്നു ആ ചിത്രം. അതിനു ശേഷം കഴിഞ്ഞ ആറ് വര്‍ഷങ്ങളിലും ഒരു ഇന്ത്യന്‍ സിനിമയ്ക്കു പോലും ഷാങ്ഹായ് മേളയില്‍ പ്രധാന മത്സര വിഭാഗത്തില്‍ ഇടം പിടിക്കാനായില്ല. ഈ വര്‍ഷം 112 രാജ്യങ്ങളില്‍ നിന്നുമുള്ള 3964 ചിത്രങ്ങളില്‍ നിന്നാണ് 14 എണ്ണം ഗോള്‍ഡന്‍ ഗോബ്ലറ്റ് മത്സരത്തിനായി തിരഞ്ഞെടുത്തത്.


പ്രശസ്ത ടര്‍ക്കിഷ് സംവിധായകനായ നൂറി ബില്‍ഗേ സെയാലിന്‍ ആണ് ഇത്തവണ ഷാങ്ഹായി ചലച്ചിത്ര മേളയുടെ ഗോള്‍ഡന്‍ ഗോബ്ലറ്റ് മത്സര വിഭാഗം ജൂറി ചെയര്‍മാന്‍ . മേളയില്‍ സംവിധായകന്‍ ഡോ.ബിജു, നിര്‍മാതാവ് ബേബി മാത്യു സോമതീരം , പ്രധാന നടന്‍ ഇന്ദ്രന്‍സ് , പ്രകാശ് ബാരെ എന്നിവര്‍ പങ്കെടുത്തു . നായകനായി അഭിനയിച്ച ചിത്രം ലോകത്തെ ഏറ്റവും പ്രശസ്തമായ ചലച്ചിത്ര മേളകളിലൊന്നില്‍ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ ആ സിനിമയെ പ്രതിനിധീകരിച്ചു പങ്കെടുക്കുക എന്ന നേട്ടം മലയാളത്തില്‍ വളരെ അപൂര്‍വം നടന്മാര്‍ക്ക് മാത്രമാണ് ലഭിച്ചിട്ടുള്ളത്.

ഇന്ദ്രന്‍സ് വെയില്‍മരങ്ങളിലൂടെ ആ അംഗീകാരത്തിന് അര്‍ഹനായി എന്ന പ്രത്യകതയും ഈ മേളക്കുണ്ട്. സോമ ക്രിയേഷന്‍സിന്റെ ബാനറില്‍ ബേബി മാത്യു സോമതീരം നിര്‍മിച്ച വെയില്‍മരങ്ങള്‍ ഹിമാചല്‍പ്രദേശ്, കേരളത്തിലെ മണ്‍റോ തുരുത്ത് എന്നിവിടങ്ങളിലായി വിവിധ കാലാവസ്ഥകളില്‍ ഒന്നര വര്‍ഷം കൊണ്ടാണ് ചിത്രീകരിച്ചത്.

ചിത്രത്തിന്റെ ഛായാഗ്രഹണം എം.ജെ രാധാകൃഷ്ണന്‍, ശബ്ദ മിശ്രണം പ്രമോദ് തോമസ്, ലൊക്കേഷന്‍ സിങ്ക് സൗണ്ട് ജയദേവന്‍ ചക്കാടത്ത്, സ്മിജിത് കുമാര്‍ പി.ബി, എഡിറ്റിംഗ് ഡേവിസ് മാനുവല്‍, സംഗീതം ബിജിബാല്‍, കലാസംവിധാനം ജോതിഷ് ശങ്കര്‍, ചമയം പട്ടണം ഷാ, കോസ്റ്റ്യൂംസ് അരവിന്ദ് കെ.ആര്‍. ഇന്ദ്രന്‍സ്, സരിത കുക്കു, കൃഷ്ണന്‍ ബാലകൃഷ്ണന്‍, പ്രകാശ് ബാരെ, മാസ്റ്റര്‍ ഗോവര്‍ധന്‍, അശോക് കുമാര്‍, നരിയാപുരം വേണു, മെല്‍വിന്‍ വില്യംസ്, എന്നിവരാണ് പ്രധാന വേഷങ്ങളില്‍.

You might also like

  • Lulu Exchange
  • Straight Forward

Most Viewed