പി.എസ്.സി നിയമന തട്ടിപ്പ്: ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകില്ലെന്ന് അംഗങ്ങൾ; ഗുരുതര വീഴ്ചയെന്ന് അന്വേഷണ സംഘം
ശാരിക
തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ പി.എസ്.സി നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകില്ലെന്ന് പി.എസ്.സി അംഗങ്ങൾ. ഭരണഘടനാപരമായ പ്രോട്ടോകോൾ ചൂണ്ടിക്കാട്ടിയാണ് അംഗങ്ങൾ ഇക്കാര്യം പ്രത്യേക അന്വേഷണ സംഘത്തെ (SIT) അറിയിച്ചത്. അതേസമയം, പരീക്ഷ നടത്തിപ്പിലും മൂല്യനിർണയത്തിലും പി.എസ്.സിയുടെ മുൻ ഡെപ്യൂട്ടി സെക്രട്ടറി സതീഷ്, അഡീഷണൽ സെക്രട്ടറി ഹരി എന്നിവർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി എസ്‌ഐടി കണ്ടെത്തി. ഇവർക്കെതിരെ കർശന നടപടിക്ക് ശിപാർശ ചെയ്തുകൊണ്ട് അന്വേഷണ സംഘം ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ചു.
ക്രൈംബ്രാഞ്ച് ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിൽ എസ്.പി സക്കറിയ മാത്യു, ഡിവൈഎസ്പി അജയ് നാഥ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്. ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷിനാണ് മേൽനോട്ട ചുമതല. ആസൂത്രണ ബോർഡിലെ ചീഫ് തസ്തികകളിലേക്ക് നടന്ന പരീക്ഷയിൽ 10 ചോദ്യങ്ങൾ മൂല്യനിർണയം നടത്താതെയാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതെന്ന് പി.എസ്.സി നേരത്തെ വാർത്താക്കുറിപ്പിലൂടെ സമ്മതിച്ചിരുന്നു.
സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന നിലപാടിലാണ് സർക്കാർ. ഭരണഘടനാ സ്ഥാപനമാണെങ്കിലും അഴിമതി നിരോധന നിയമപ്രകാരം പി.എസ്.സിയിലെ പരീക്ഷാക്രമക്കേടുകളും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്താമെന്ന് സർക്കാരിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. കേസിന്റെ മുഴുവൻ വസ്തുതകളും പുറത്തുകൊണ്ടുവരാനുള്ള നടപടികളുമായി മുന്നോട്ടുപോകാനാണ് സർക്കാരിന്റെ തീരുമാനം.
fsdf

