പ്രവാസിയുടെ ആത്മഹത്യ: ലോക കേരള സഭയുടെ ഉപാധ്യക്ഷസ്ഥാനം ചെന്നിത്തല രാജി വച്ചു
തിരുവനന്തപുരം: തലശ്ശേരി ആന്തൂരിൽ പ്രവാസി വ്യവസായി സാജന്‍റെ ആത്മഹത്യയിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ലോകകേരള സഭയുടെ ഉപാധ്യക്ഷ സ്ഥാനം രാജി വച്ചു. പ്രവാസികൾക്കായി കേരളത്തിന്‍റെ പൊതുകാര്യങ്ങളിൽ പുറത്തുള്ള കേരളീയരെക്കൂടി കേൾക്കാനും അവരുടെ പങ്കാളിത്തവും പ്രാതിനിധ്യവും ഉറപ്പാക്കാനുമുള്ള വേദിയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനസർക്കാർ ലോകകേരളസഭ രൂപീകരിച്ചത്. പ്രവാസികളോടുള്ള സംസ്ഥാനസർക്കാരിന്‍റെ അവഗണനയിൽ പ്രതിഷേധിച്ച് സ്ഥാനം രാജി വയ്ക്കുകയാണെന്നാണ് ചെന്നിത്തല പറഞ്ഞത്.
ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയിൽ നഗരസഭാ അധ്യക്ഷ പികെ ശ്യാമളയെയും സിപിഎമ്മിനെയും സംരക്ഷിക്കുന്ന നിലപാടാണ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയിൽ സ്വീകരിച്ചത്. പി ജയരാജനെ ഉപയോഗിച്ച് സിപിഎമ്മിനെ വിമർശിക്കാനുള്ള ശ്രമം വിലപ്പോകില്ലെന്നും പിണറായി വിജയൻ നിയമസഭയില്‍ പറഞ്ഞു. അതേസമയം ശ്യാമളയ്ക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു

