ഐ.ആർ.സി.ടി.സി കുംഭകോണം: ലാലു പ്രസാദ് യാദവിനും കുടുംബത്തിനുമെതിരെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റം ചുമത്താൻ കോടതി ഉത്തരവ്
ശാരിക
ന്യൂഡൽഹി: ഐ.ആർ.സി.ടി.സി കുംഭകോണവുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കേസിൽ മുൻ കേന്ദ്ര റെയിൽവേ മന്ത്രി ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്റി ദേവി, മകൻ തേജസ്വി യാദവ് എന്നിവരുൾപ്പെടെയുള്ളവർക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റം ചുമത്താൻ ഡൽഹി പ്രത്യേക കോടതി ഉത്തരവിട്ടു. ലാലുവടക്കം ഏഴുപേർ കള്ളപ്പണം വെളുപ്പിച്ചെന്ന കാര്യത്തിൽ ശക്തമായ സംശയമുണ്ടെന്നും അന്വേഷണത്തെ രാഷ്ട്രീയ നീക്കമായി കാണാനാകില്ലെന്നും പ്രത്യേക ജഡ്ജി വിശാൽ ഗോഗ്നെ വ്യക്തമാക്കി. കേസിൽ ഉൾപ്പെട്ടിരുന്ന മറ്റ് ഒമ്പതുപേരെ കോടതി വിട്ടയച്ചു.
ലാലു പ്രസാദ് യാദവ് റെയിൽവേ മന്ത്രിയായിരുന്ന 2004-ൽ റാഞ്ചിയിലെയും പുരിയിലെയും ബി.എൻ.ആർ ഹോട്ടലുകളുടെ നടത്തിപ്പ് കരാർ ക്രമക്കേട് നടത്തി സുജാത ഹോട്ടൽസിന് കൈമാറിയെന്നാണ് കേസ്. ഇതിന് പ്രതിഫലമായി പട്നയിലെ വിലപിടിപ്പുള്ള ഭൂമി ബിനാമി പേരിൽ ലാലുവിന്റെ കുടുംബവുമായി ബന്ധമുള്ള കമ്പനിക്ക് കൈമാറുകയായിരുന്നു. തുടർന്ന് ഈ കമ്പനിയുടെ ഓഹരികൾ നാമമാത്രമായ വിലക്ക് വാങ്ങി റാബ്റി ദേവിയും തേജസ്വി യാദവും ഭൂമിയുടെ നിയന്ത്രണം ഏറ്റെടുത്തതായി ഇ.ഡി അന്വേഷണത്തിൽ കണ്ടെത്തി. ഈ ഇടപാടുകൾക്കായി ഉപയോഗിച്ച പണത്തിന്റെ ഉറവിടം സംശയാസ്പദമാണെന്നും ഇ.ഡി വ്യക്തമാക്കി.
ഇതേ സംഭവത്തിൽ രജിസ്റ്റർ ചെയ്ത സി.ബി.ഐ കേസിൽ നേരത്തെ ലാലുവിനും 11 പേർക്കുമെതിരെ അഴിമതി കുറ്റം ചുമത്തിയിരുന്നു. തുടർന്ന് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇ.ഡി അന്വേഷണം നടത്തുകയായിരുന്നു. കേസിലെ വിചാരണ നടപടികളുടെ ഭാഗമായി കുറ്റം ചുമത്തപ്പെട്ട പ്രതികൾ ഒക്ടോബർ 3-ന് കോടതിയിൽ ഹാജരാകണം.
dfsdf

