വിനായകന്റെ തൊട്ടപ്പനെതിരെ ആസൂത്രിത നീക്കം നടക്കുന്നതായി പരാതി
കൊച്ചി കഴിഞ്ഞ ദിവസം റിലീസ് ചെയ്ത വിനായകൻ ചിത്രം തൊട്ടപ്പൻ കാണാനെത്തുന്നവരെ പല തീയേറ്ററുകളിൽ നിന്നും മടക്കി അയക്കുന്നതായി തിരക്കഥാകൃത്ത് പി.എസ് റഫീഖ്. ഒരാളുടെ രാഷ്ട്രീയത്തിന്റെയെോ നിറത്തിന്റെയോ പേരില്‍ ഒരുപാട് പേരുടെ അദ്ധ്വാനമുള്ള സിനിമ ബഹിഷ്ക്കരിക്കുന്ന പ്രവണത ചെറുത്ത് തോല്‍പ്പിക്കേണ്ടതാണെന്നും റഫീഖ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:
പ്രിയ സുഹൃത്തുക്കളേ ഇതൊരഭ്യർത്ഥനയാണ് തൊട്ടപ്പൻ കളിക്കുന്ന പല തീയേറ്ററുകളിലും സിനിമ കാണാനെത്തുന്നവരെ ആളില്ലെന്ന കാരണം പറഞ്ഞ് മടക്കി അയക്കുന്നുവെന്ന പരാതി വരുന്നുണ്ട്. കൊടുങ്ങല്ലൂരിലെ ഒരു തീയേറ്ററിൽ ആളില്ലെന്ന കാരണം പറയുകയും ആവശ്യത്തിനുള്ള ആളായപ്പോൾ പ്രൊജക്റ്റർ കംപ്ലയിന്റാണെന്ന് പറഞ്ഞ് മടക്കി അയക്കുകയും ചെയതിരിക്കുന്നു. പല സ്ഥലങ്ങളിൽ നിന്നും ഇങ്ങനെയുള്ള കംപ്ലയിന്റ്സ് കേൾക്കുന്നു. നിങ്ങളുടെയെല്ലാം സഹായം ചോദിക്കുകയാണ്. ഒരുപാട് പണവും അദ്ധ്വാനവുമുള്ള ഒന്നാണല്ലോ സിനിമ. തൊട്ടപ്പന് ടിക്കറ്റെടുക്കാൻ വരുന്നവരോട് സിനിമ മോശമാണെന്നു വരെ തീയേറ്ററുകാർ പറഞ്ഞു തുടങ്ങിയിരിക്കുന്നു. ഒരാളുടെ രാഷ്ട്രീയ നിലപാടിന്റെ പേരിൽ, നിറത്തിന്റെ പേരിൽ, അയാളുടെ സിനിമ ബഹിഷ്ക്കരിക്കുന്ന പ്രവണത ചെറുത്തു തോല്പിക്കേണ്ടതാണ്. ഈ പോസ്റ്റ് പരമാവധി ഷെയർ ചെയ്ത് എല്ലാവരിലേക്കും എത്തിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. നമുക്ക് പണവും സ്വാധീനവും കുറവാണ്. നിങ്ങൾ മാത്രമാണ് ഞങ്ങളുടെ ശക്തി. സഹായിക്കൂ.

