ആദ്യത്തെ ഹൈഡ്രജന്‍ ഫ്യൂവല്‍ സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു
ദമ്മാം: സൗദി അറേബ്യയില്‍ ആദ്യത്തെ ഹൈഡ്രജന്‍ ഫ്യൂവല്‍ സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു . പെട്രോളിന് പകരം ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചാണ് ഹൈഡ്രജന്‍ ഫ്യൂവല്‍ സ്റ്റേഷന്‍ തുറന്നത്.
സൗദി കിഴക്കന്‍ പ്രവിശ്യയിലെ ദഹ്റാനിലെ സയന്‍സ് പാര്‍ക്കിലായിരുന്നു പുതിയ ഹൈഡ്രജന്‍ ഫ്യൂവല്‍ സ്റ്റേഷന്‍ സൗദി ആരാംകോ തുറന്നത്. നിലവില്‍ അഞ്ച് ടയോട്ട മിറായ് ഫ്യുവല്‍ സെല്‍ ഇലക്‌ട്രിക് കാറുകളില്‍ ഇന്ധനം നിറക്കാനായിരിക്കും ഇത് ഉപയോഗിക്കുക.
സാധാരണ ഇലക്‌ട്രിക് കാറുകളെക്കാള്‍ കൂടുതല്‍ ദൂരം സഞ്ചരിക്കാന്‍ സാധിക്കുമെന്നത് ഫ്യൂവല്‍ സെല്‍ ഇലക്‌ട്രിക് വാഹനങ്ങളുടെ മാത്രം പ്രത്യേകതയാണ്. ഹൈഡ്രജന്‍ ഇലക്‌ട്രിസിറ്റിയായി മാറുന്ന പ്രവര്‍ത്തനമാണ് ഫ്യുവല്‍ സെല്‍ ഇലക്‌ട്രിക് കാറുകളില്‍ നടക്കുന്നത് .
സൗദി അറേബ്യയെ സംബന്ധിച്ചിടത്തോളം ഇത് വലിയ പ്രതീക്ഷയാണ് നല്‍കുന്നതെന്ന് സൗദി ആരാംകോ പ്രസിഡന്‍റും സി ഇ ഒ-യുമായ അമീന്‍ എച്ച് നാസര്‍ അഭിപ്രായപെട്ടു .

