യെന്തിരൻ 2.0 ടീസർ ചോർന്നു
ചെന്നൈ: രജനികാന്തിന്റെ സൂപ്പർ ഹിറ്റ് ചിത്രം യെന്തിരന്റെ രണ്ടാം ഭാഗമായ 2.0വിന്റെ ടീസർ ചോർന്നു. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന രജനി ചിത്രം കാലയുടെ ടീസർ ഔദ്യോഗികമായി പുറത്തിറക്കിയതിന് തൊട്ടുപിന്നാലെയാണ് 2.0ന്റെ ടീസർ ചോർന്നത്. 2.0ലെ ടീസർ ഫൂട്ടേജിലെ ചില ഭാഗങ്ങളാണ് അജ്ഞാതർ ചോർത്തി ഇന്റർനെറ്റിലിട്ടത്. ഇത് വൈറലാവുകയും ചെയ്തു.
സംഭവം അംഗീകരിക്കാനാകില്ലെന്ന് രജനീകാന്തിന്റെ മകൾ സൗന്ദര്യ പറഞ്ഞു. ഏതാനും സെക്കൻഡ് നേരത്തെ ആവേശത്തിന് വേണ്ടി ഒട്ടേറെപ്പേരുടെ അദ്ധ്വാനമാണ് ഇത്തരക്കാർ മറന്ന് കളയുന്നതെന്നും സൗന്ദര്യ ട്വീറ്റ് ചെയ്തു. പൈറസിക്കെതിരെ പോരാടണമെന്നും സൗന്ദര്യ ആഹ്വാനം ചെയ്തു.
അതേസമയം ടീസർ എങ്ങിനെ ചോർന്നുവെന്ന് വ്യക്തമല്ല. വി.എഫ്.എക്സ് സ്റ്റുഡിയോയിൽ നിന്നാണ് ടീസർ ചോർന്നതെന്ന് സംശയിക്കുന്നു. എന്നാൽ ടീസർ ചോർത്തിയത് അണിയറ പ്രവർത്തകരുടെ അറിവോടു കൂടിയാണെന്ന് സാമൂഹിക മാധ്യമങ്ങളിലെ ചർച്ചകളിൽ പലരും ഉന്നയിക്കുന്നുണ്ട്.
400 കോടിയാണ് 2.0വിന്റെ ബജറ്റ്. അക്ഷയ് കുമാർ, എമി ജാക്സൺ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. കലാഭവൻ ഷാജോണും ചിത്രത്തിൽ ഒരു വേഷം പെയ്തിട്ടുണ്ട്.

