കാനം രാജേന്ദ്രൻ വീണ്ടും സി.പി.ഐ സംസ്ഥാന സെക്രട്ടറി
മലപ്പുറം : കാനം രാജേന്ദ്രൻ വീണ്ടും സി.പി.െഎ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. എതിരില്ലാതെയാണ് കാനത്തെ തിരഞ്ഞെടുത്തത്. പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാനായി സി. ദിവാകരനെ കെ.ഇ ഇസ്മായിൽ പക്ഷം സമീപിച്ചിരുന്നെങ്കിലും പാർട്ടിയിൽ ഐക്യത്തിന്റെ ആവശ്യം ചൂണ്ടിക്കാട്ടി ദിവാകരൻ പിൻമാറിയിരുന്നു. ഇതേതുടർന്നാണ് സെക്രട്ടറി സ്ഥാനത്തേക്കു മത്സരം ഒഴിവായത്. സംഘപരിവാറിനെ ചെറുക്കാൻ വിശാല മതേതര ജനാധിപത്യ ഇടതുപക്ഷ വേദി ആവശ്യമാണെന്ന് സംസ്ഥാന സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ശേഷം മാധ്യമങ്ങളോടു സംസാരിക്കവെ കാനം പറഞ്ഞു.
സി.പി.ഐയും സി.പി.എമ്മും രണ്ട് പാർട്ടികളാകുന്പോൾ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകും. വിശാലമായ ചെറുത്തുനിൽപ്പിന്റെ രാഷ്ട്രീയം ശക്തിപ്പെടുത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് സി.പി.ഐ മുന്നോട്ടുപോകുന്നത്. പാർട്ടിയിൽ വിഭാഗിയതയില്ല. സി.പി.ഐ ഒറ്റക്കെട്ടാണ്. തന്റെ നിലപാടുകൾ പാർട്ടിയുടെ നിലപാട് തന്നെയാണ്. സംസ്ഥാന കൗൺസിൽ തെരഞ്ഞെടുപ്പ് ഐകകണ്ഠ്യേനയാണ് നടന്നത്. മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് യാതൊരു തരത്തിലുള്ള ചർച്ചയും സമ്മേളനത്തിൽ ഉണ്ടായിട്ടില്ല. മന്ത്രിമാരുടെ പ്രവർത്തനം സംബന്ധിച്ച് വിമർശനങ്ങൾ ഉണ്ടായത് പരിശോധിക്കും. അതിനനുസരിച്ച് പ്രവർത്തനം മെച്ചപ്പെടുത്തും. അല്ലാതെ പുനഃസംഘടനഉദ്ദേശിക്കുന്നില്ലെന്നും വാർത്താസമ്മേളനത്തിൽ കാനം കൂട്ടിച്ചേർത്തു.
നേരത്തെ, സി.പി.ഐ സംസ്ഥാന സമിതിയിൽ കാനം പക്ഷവും കെ.ഇ ഇസ്മയിൽ പക്ഷവും പരസ്പരം വെട്ടിനിരത്തി. ഇരുപക്ഷത്തേയും പ്രമുഖ നേതാക്കളെ സംസ്ഥാന സമിതിയിൽുനിന്ന് ഒഴിവാക്കി. ഇടുക്കി ജില്ലാ കമ്മിറ്റി അംഗം വാഴൂർ സോമനാണ് ഒഴിവാക്കപ്പെട്ടവരിൽ പ്രധാനി. അഴിമതി ആരോപണങ്ങളെ തുടർന്നാണ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിശ്വസ്തനായ സോമനെ ഒഴിവാക്കിയതെന്നാണു സൂചന. കെ.ഇ ഇസ്മയിൽ പക്ഷത്തെ പ്രമുഖൻ എം.പി അച്യുതനെയും സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തിയിട്ടില്ല. അതേ സമയം ഇടുക്കിയിൽനിന്നുള്ള ഇ.എസ് ബിജിമോൾ എം.എൽ.എ സംസ്ഥാന സമിതിയിലേക്കു തിരിച്ചെത്തി.

