‘ആക്ഷൻ ഹീറോ ബിജു’ സാമ്പത്തിക തർക്കത്തിന് വിരാമം; നിവിൻ പോളിക്കും എബ്രിഡ് ഷൈനുമെതിരായ കേസുകൾ ഹൈക്കോടതി റദ്ദാക്കി


ശാരിക

കൊച്ചി: ‘ആക്ഷൻ ഹീറോ ബിജു’ സിനിമയുമായി ബന്ധപ്പെട്ട് നീണ്ടുനിന്ന സാമ്പത്തിക തർക്കങ്ങൾക്ക് ഒടുവിൽ പൂർണ്ണ വിരാമം. നടൻ നിവിൻ പോളി, സംവിധായകൻ എബ്രിഡ് ഷൈൻ, നിർമാതാവ് പി.എസ്. ഷംനാസ് എന്നിവർ തമ്മിലുണ്ടായിരുന്ന 1.9 കോടി രൂപയുടെ സാമ്പത്തിക തർക്കമാണ് ഒത്തുതീർപ്പിലെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇവർ മൂന്നുപേർക്കുമെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിരുന്ന കേസുകൾ ഹൈക്കോടതി റദ്ദാക്കി. നിവിൻ പോളിക്കും എബ്രിഡ് ഷൈനുമെതിരെ തലയോലപ്പറമ്പ് പോലീസ് എടുത്ത എഫ്‌ഐആറും, നിർമാതാവ് ഷംനാസിനെതിരെ പാലാരിവട്ടം പോലീസ് രജിസ്റ്റർ ചെയ്ത കേസുമാണ് കോടതി റദ്ദാക്കിയത്.

'ആക്ഷൻ ഹീറോ ബിജു-2' എന്ന ചിത്രത്തിന്റെ പകർപ്പവകാശവുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് പിന്നീട് കേസുകളിലേക്ക് വഴിമാറിയത്. 2023-ൽ നിവിൻ പോളി, എബ്രിഡ് ഷൈൻ, ഷംനാസ് എന്നിവർ ഒപ്പിട്ട കരാർ പ്രകാരം ചിത്രത്തിന്റെ എല്ലാവിധ അവകാശങ്ങളും നിവിന്റെ നിർമാണ കമ്പനിയായ പോളി ജൂനിയറിനായിരുന്നു. എന്നാൽ, ഈ വസ്തുത മറച്ചുവെച്ച് ഫിലിം ചേംബറിൽ നിന്നും ചിത്രത്തിന്റെ പേരിന്റെ അവകാശം ഷംനാസ് സ്വന്തമാക്കുകയായിരുന്നു. ഇതിനായി നിവിൻ പോളിയുടെ ഒപ്പ് വ്യാജമായി നിർമിച്ച രേഖകൾ ഷംനാസ് ഹാജരാക്കിയെന്നും കണ്ടെത്തിയിരുന്നു.

തുടർന്ന് ഈ വ്യാജ രേഖകൾ കാണിച്ച് സിനിമയുടെ പൂർണാവകാശം തനിക്കാണെന്ന് ഷംനാസ് വൈക്കം കോടതിയിൽ സത്യവാങ്മൂലം നൽകുകയും നിവിൻ പോളിക്കെതിരെ എഫ്ഐആർ ഇടാൻ ഉത്തരവ് നേടുകയും ചെയ്തു. എന്നാൽ, കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് രേഖകൾ ഹാജരാക്കിയതെന്ന് വ്യക്തമായതോടെ 2024 ജൂലൈ 29-ന് വൈക്കം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഷംനാസിനെതിരെ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. നിവിൻ പോളിയെ വ്യാജ കേസിൽ കുടുക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഷംനാസിനെതിരെ ജാമ്യമില്ലാക്കുറ്റവും ചുമത്തിയിരുന്നു. കോടതിയുടെ ഇടപെടലിൽ നിലവിൽ ഈ കേസ് ഉൾപ്പെടെയുള്ള എല്ലാ നിയമതർക്കങ്ങളും ഒത്തുതീർപ്പായിരിക്കുകയാണ്.

article-image

sdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed