ട്വിറ്ററിൽ വ്യാപക അഴിച്ചു പണി വരുന്നു; സി.ഇ.ഓയെ മാറ്റാൻ ഒരുങ്ങി മസ്ക്


ടെസ്ല സി.ഇ.ഓ എലോൺ മസ്ക് ഏറ്റെടുത്തതോടെ ട്വിറ്ററിൽ വ്യാപക അഴിച്ചു പണി വരുന്നു. ജോലി നഷ്ടപ്പെടും എന്ന ആശങ്കയുള്ളവരിൽ ഒന്നാം സ്ഥാനത്തു ട്വിറ്റർ സി.ഇ. ഒ പരാഗ് അഗർവാൾ തന്നെയാണ്‌. പുതിയ ആളെ ട്വിറ്റർ സി.ഇ.ഓ സ്ഥാനത്തു നിയോഗിക്കുന്നതിനുള്ള ആലോചനയിലാണ് എലോൺ മസ്ക് എന്നാണ് റിപ്പോർട്ടുകൾ. നിലവിലുള്ള സംവിധാനത്തിൽ  തൃപ്തനല്ലെന്നു മസ്‌ക് ട്വിറ്റർ ചെയർമാനെ അറിയിച്ചിട്ടുണ്ട്. വ്യാപക അഴിച്ചുപണി ഉണ്ടാകുമെന്നതിന്റെ  സൂചനയാണ് ഈ അഭിപ്രായ പ്രകടനം എന്നാണ് വിലയിരുത്തൽ. ജോലിക്കാരെ കുറക്കുന്നതിനുള്ള ഒരു നീക്കവും ഇപ്പോൾ നടക്കുന്നില്ലെന്നു അഗർവാളും  പറയുന്നു. ഇതോടെ ട്വിറ്ററിന്‍റെ ഭാവി സംബന്ധിച്ച് ചോദ്യങ്ങളുയരുകയാണ്.   ഇതിനകം തന്നെ അഗർവാളിന് പകരം ട്വിറ്ററിന് പുതിയ ചീഫ് എക്സിക്യൂട്ടീവിനെ മസ്ക്  നിയോഗിച്ചിട്ടുണ്ടെന്നാണ് സൂചനകൾ. ഇതാരാണെന്ന് മസ്‌ക് വ്യക്തമാക്കിയിട്ടില്ല. 

44 ബില്യൺ ഡോളറിന്‍റെ  വിൽപ്പന കരാർ ഈ വർഷാവസാനം പൂർണമായി നിലവിൽ വരുന്നതോടെ മസ്കിന്റെ ഇഷ്ടക്കാരനും ട്വിറ്റർ തലപ്പത്തു എത്തും. കഴിഞ്ഞ നവംബറിലാണ് ജാക്ക് ഡോർസിക്ക് പകരം സി. ഇ. ഒ ആയി പരാഗ് അഗർവാൾ ചുമതലയേറ്റത്. ട്വിറ്ററിന്‍റെ നിയന്ത്രണം മസ്കിന്‍റെ കൈകളിലേക്കെത്തി 12 മാസത്തിനുള്ളിൽ  അഗർവാളിനെ പുറത്താക്കിയാൽ 43 മില്യൺ ഡോളർ നൽകേണ്ടിവരും. ട്വിറ്ററിന്‍റെ നിയമ മേധാവി വിജയാ ഗദ്ദേയെയും മാറ്റാൻ മസ്ക് പദ്ധതിയിടുന്നതായി ന്യൂയോർക്ക് പോസ്റ്റ്  റിപ്പോർട്ട് ചെയ്യുന്നു.

You might also like

Most Viewed