1400 കോടിക്കു വേണ്ടി ആമസോൺ 26,000 കോടിയുടെ കന്പനിയെ തകർത്തെന്നു ബിഗ് ബസാർ

1400 കോടിക്കു വേണ്ടി ആമസോൺ 26,000 കോടിയുടെ കന്പനിയെ തകർത്തെന്നു ബിഗ് ബസാർ. ആമസോൺ തങ്ങളെ നശിപ്പിക്കാൻ ആഗ്രഹിച്ചു, അതിലവർ വിജയിച്ചുവെന്നാണ് ബിഗ് ബസാർ ഉടമകളായ ഫ്യൂച്ചർ റീട്ടെയ്ൽ സുപ്രീം കോടതിയിൽ പറഞ്ഞത്. ആമസോൺ ഇൻകോർപ്പറും ഫ്യൂച്ചർ റീട്ടെയിൽ ലിമിറ്റഡും (എഫ്ആർഎൽ) കോടതിക്കു പുറത്ത് ഒത്തുതീർപ്പിലെത്താൻ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ) കഴിഞ്ഞ മാസം പണം നൽകാതെ കിഷോർ ബിയാനി നയിക്കുന്ന ഫ്യൂച്ചർ ഗ്രൂപ്പിന്‍റെ നൂറുകണക്കിന് സ്റ്റോറുകൾ ഏറ്റെടുത്തു. ബിഗ് ബസാർ സ്റ്റോറുകളുടെ വാടകക്കുടിശിക 4,800 കോടി രൂപയായി ഉയർന്നതോടെയാണിത്. ഫ്യൂച്ചർ റീട്ടെയ്ൽസും റിലയൻസും തമ്മിൽ നടത്താനിരുന്ന കൈമാറ്റത്തെ ഫ്യൂച്ചറിന്‍റെ വ്യാപാര പങ്കാളിയായിരുന്ന ആമസോൺ എതിർത്തതോടെയാണ് ഫ്യൂച്ചർ ഗ്രൂപ്പ് പ്രതിസന്ധിയിലായത്. 1,400 കോടി രൂപയ്ക്ക് (ആമസോൺ−ഫ്യൂച്ചർ തർക്ക ഇടപാടിന്‍റെ മൂല്യം), ആമസോൺ 26,000 കോടി രൂപയുടെ കമ്പനിയെ തകർത്തു. ആമസോൺ വിജയിച്ചു. അവർ ആഗ്രഹിച്ചത് അവർ ചെയ്തു. ഞങ്ങൾ ഒരു നൂലിൽ തൂങ്ങിക്കിടക്കുകയാണ്. ഞങ്ങളുമായി ഇപ്പോൾ ആരും ബിസിനസ് ചെയ്യാൻ ആഗ്രഹിക്കുന്നില്ല. ഭൂവുടമകൾ കുടിയൊഴിപ്പിക്കൽ നോട്ടീസ് നൽകുമ്പോൾ, ഞങ്ങൾ എന്തുചെയ്യും?− റിലയൻസിനു സ്റ്റോറുകൾ വിട്ടുകൊടുക്കുന്നതിനെ പരാമർശിച്ചു ഫ്യൂച്ചർ റീട്ടെയിൽ കൂട്ടിച്ചേർത്തു. 835−ലധികം സ്റ്റോറുകളുടെ നിയന്ത്രണം നഷ്ടപ്പെട്ടു, ശേഷിക്കുന്ന 374 സ്റ്റോറുകൾ ഒരുവിധം മുന്നോട്ടു കൊണ്ടുപോകുന്നു− ഫ്യൂച്ചർ റീട്ടെയിൽ പറഞ്ഞു.
ആമസോണും ഫ്യൂച്ചറും തമ്മിലുള്ള 2019ലെ കരാറിൽ റിലയൻസ് ഉൾപ്പടെ പട്ടികയിലുള്ള ആർക്കും റീട്ടെയിൽ ആസ്തികൾ വിൽക്കുന്നതിൽനിന്നു ഫ്യൂച്ചർ ഗ്രൂപ്പിനു വിലക്കുണ്ടെന്നാണ് ആമസോണിന്‍റെ വാദം. ഇക്കാര്യം ഉന്നയിച്ച് അവർ ആർബിട്രൽ ട്രിബ്യൂണലിൽ നിയമ നടപടികൾ തുടങ്ങിയതോടെയാണ് ഫ്യൂച്ചർ വൻ പ്രതിസന്ധിയിൽപ്പെട്ടത്. റിലയൻസിനു വിൽക്കാനുള്ള നീക്കങ്ങളും അതോടെ പ്രതിസന്ധിയിലായി. അക്കൗണ്ടുകൾ മരവിപ്പിച്ചതിനാൽ സ്റ്റോറുകളുടെ വാടക കൊടുക്കാൻ പോലും കഴിയാതെയായി. ഇതോടെയാണ് പണം വാങ്ങാതെ സ്റ്റോറുകളുടെ നടത്തിപ്പ് റിലയൻസിനു വീട്ടുകൊടുത്തത്. എന്നാൽ ആമസോൺ പറയുന്നത് സാന്പത്തിക ബുദ്ധിമുട്ട് ഉണ്ടെങ്കിലും വാടക നൽകാൻ കഴിയില്ലെന്നും മറ്റുമുള്ള ഫ്യൂച്ചറിന്‍റെ അവകാശവാദങ്ങൾ ഒരു തന്ത്രവും തട്ടിപ്പുമാണെന്നാണ്. ആർബിട്രൽ ട്രിബ്യൂണൽ കേസ് തീരുമാനമാകുന്നതുവരെ ഫ്യൂച്ചർ ആസ്തികൾ വിൽക്കുന്നത് സുപ്രീം കോടതി തടയണമെന്നാണ് അവരുടെ ആവശ്യം. കേസ് വീണ്ടും ഏപ്രിൽ നാലിനു സുപ്രീം കോടതി പരിഗണിക്കും.