ബ്രാൻഡ് ഫിനാൻസ് ഇൻഡക്സ്; മൈക്രോസോഫ്റ്റ് മേധാവി ഒന്നാമത്


ബ്രാൻഡ് ഫിനാൻസ് ബ്രാൻഡ് ഗാർഡിയൻഷിപ്പ് ഇൻഡക്സിൽ ലോകത്തെ കന്പനി മേധാവിമാരുടെ പട്ടികയിൽ മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല്ല ഒന്നാമത്. മൈക്രോസോഫ്റ്റിന്റെ പ്രവർത്തന മേഖലയിൽ സമൂലമാറ്റങ്ങൾ കൊണ്ടുവരികയും കന്പനിയ്ക്ക് വിവിധ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുകയും ചെയ്തതോടെയാണ് ഇന്ത്യൻ കുടിയേറ്റക്കാരനായ സത്യ നദെല്ല ഈ നേട്ടത്തിന് അർഹനായത്.

സത്യ നദെല്ലയെ കൂടാതെ ഇന്ത്യയിൽ നിന്നുള്ള മൂന്ന് പേർ മുൻനിര സിഇഒമാരുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ഗൂഗിളിന്റെ സുന്ദർ പിച്ചൈ അഞ്ചാം സ്ഥാനത്താണ്, അഡോബി മേധാവി ശാന്തനു നാരായൺ ആറാം സ്ഥാനത്തും ഡെലോയിറ്റിന്റെ പുനീത് രഞ്ജൻ 14ആം സ്ഥാനത്തുമുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മേധാവി ദിനേശ് കുമാർ ഖാര 46ആമത് സ്ഥാനത്താണ്.

സാങ്കേതിക വിദ്യ, മാധ്യമ രംഗത്തുള്ള സ്ഥാപനങ്ങളുടെ മേധാവിമാരാണ് പട്ടികയിലെ ആദ്യ പത്തിലുള്ളവർ. ആപ്പിളിന്റെ വിപണിമൂല്യം മൂന്ന് ലക്ഷം കോടി ഡോളറിലെത്തിച്ച മേധാവി ടിം കുക്ക് ആണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. ടെൻസെന്റിന്റെ ഹുവാതെങ് മാ നാലാം സ്ഥാനത്തും, ഗൂഗിളിന്റെ സുന്ദർ പിച്ചെ അഞ്ചാംസ്ഥാനത്തും നെറ്റ്ഫ്ളിക്സിന്റെ റീഡ് ഹേസ്റ്റിങ്സ് ഏഴാം സ്ഥാനത്തുമാണ്.

എഎംഡിയുടെ മേധാവി ലിസ സു ആണ് പത്താമത്. ഇക്കൂട്ടത്തിലെ ഏറ്റവും മുൻനിരയിലുള്ള വനിതയും ലിസ സു തന്നെ. ആദ്യമായാണ് ഇവർ പട്ടികയിൽ ഇടം പിടിക്കുന്നത്. ആഗോള ചിപ്പ് ക്ഷാമത്തിനിടയിലും കന്പനിയുടെ അതിജീവനത്തിന് നേതൃത്വം നൽകുകയും റെക്കോർഡ് വരുമാനം നേടാൻ സാധിച്ചതും ലിസ സുവിന് നേട്ടമായി.

പട്ടികയിൽ ഏറ്റവും കൂടുതൽ മേധാവിമാർ അമേരിക്കയിൽ നിന്നുള്ളവരാണ്. 101 പേർ. 40 ശതമാനവും അമേരിക്കൻ കന്പനി മേധാവികൾ തന്നെ. 47 പേർ (19 ശതമാനം) ചൈനയിൽ നിന്നുള്ളവരാണ്.

You might also like

Most Viewed