റബ്ബർ വില 9 വർ‍ഷത്തിനിടയിലെ ഏറ്റവും ഉയർ‍ന്ന നിരക്കിൽ


കോട്ടയം: വിപണിയിലെത്തുന്ന റബറിന്റെ അളവു കുറയുന്നതിനൊപ്പം വില ഉയർ‍ന്ന്‌ റബർ‍ വിപണി. റബർ‍ ബോർ‍ഡിന്റെ വില രണ്ടു ദിവസമായി 188 രൂപയാണെങ്കിലും ജില്ലയിൽ‍ ചിലയിടങ്ങളിൽ‍ ഇന്നലെ 192 രൂപയ്‌ക്കു വരെ റബർ‍ വാങ്ങാൻ വ്യാപാരികൾ‍ തയാറായതായാണു വിവരം.

മഴ തുടരുന്നതിനാൽ‍ ആഭ്യന്തര ഉത്‌പാദനം കുത്തനെ ഇടിഞ്ഞ സാഹചര്യത്തിൽ‍ വില വീണ്ടും ഉയരുമെന്ന സൂചനയാണു വിപണിയിൽ‍നിന്നു ലഭിക്കുന്നത്‌. ഒന്പതു വർ‍ഷത്തിനിടയിലെ ഏറ്റവും ഉയർ‍ന്ന വിലയ്‌ക്കാണു നിലവിൽ‍ വ്യാപാരം. ഇടവേളയ്‌ക്ക് ശേഷം രാജ്യാന്തര വിലയിലും വർദ്‍ധനയുണ്ടാകുന്നതു പ്രതീക്ഷയോടെയാണു വ്യാപാരികളും കർ‍ഷകരും വീക്ഷിക്കുന്നത്‌. ഇന്നലെ ബാങ്കോക്ക്‌ വില രണ്ടര രൂപയോളം വർ‍ധിച്ച്‌ 150.38 രൂപയിലെത്തി. ഒരാഴ്‌ചയ്‌ക്കുള്ളിൽ‍ ആഭ്യന്തരവിലയിലും രാജ്യാന്തര വിലയിലും ഏഴു രൂപയുടെ വർ‍ധനയുണ്ടായി. തുടർ‍ച്ചയായ മഴയത്തെുടർ‍ന്ന്‌ ആഭ്യന്തര ഉത്‌പാദനം കുത്തനെ ഇടിഞ്ഞതാണു വില ഉയരാന്‍ പ്രധാന കാരണം. സാധാരണ നവംബർ‍ ആദ്യത്തോടെ ടാപ്പിങ്‌ ആരംഭിച്ച്‌ വിപണയിൽ‍ റബർ‍ എത്തേണ്ട സമയമായിരുന്നു ഇത്‌. എന്നാൽ‍, ഇതുവരെ ടാപ്പിങ്‌ ആരംഭിക്കാന്‍ കർ‍ഷകർ‍ക്കു കഴിഞ്ഞിട്ടില്ല. ഇനി ടാപ്പിങ്‌ ആരംഭിച്ചാലും ഉത്‌പാദനം കുറവായിരിക്കുമെന്നു കർ‍ഷകർ‍ പറയുന്നു.

ഇതിനൊപ്പമാണു വിദേശ വിപണിയിൽ‍നിന്നു റബർ‍ ഇറക്കുമതി ചെയ്യുന്നതിലെ ബുദ്ധിമുട്ടും വ്യാപാരികൾ‍ക്കു തലവേദനയാകുന്നത്‌. കണ്ടെയ്‌നർ‍ ക്ഷാമമാണു പ്രധാന കാരണം. അതേസമയം, സാന്പത്തിക വർ‍ഷാവസാനത്തോടെ ആഗോളതലത്തിൽ‍ രണ്ടു ലക്ഷം ടണ്‍ റബറിന്റെ കുറവുണ്ടാകുമെന്നാണു ഉത്‌പാദക രാജ്യങ്ങളുടെ വിലയിരുത്തൽ‍. ഇതോടെ റബർ‍വില വീണ്ടും ഉയരാനുള്ള സാധ്യതയുമുണ്ട്‌.

You might also like

Most Viewed