മോറട്ടോറിയം കാലത്തെ ബാങ്കുവായ്പകളുടെ കൂട്ടുപലിശ ഒഴിവാക്കി


ന്യൂഡൽഹി: മോറട്ടോറിയം കാലത്തെ ബാങ്ക് വായ്പകളുടെ പിഴപ്പലിശ ഒഴിവാക്കിക്കൊണ്ട് കേന്ദ്ര ധനമന്ത്രാലയം മാർഗരേഖ പുറത്തിറക്കി. മോറട്ടോറിയം പ്രഖ്യാപിച്ച മാര്‍ച്ച് 1 മുതൽ ആഗസ്റ്റ് 31 വരെ ആറ് മാസക്കാലത്തെ രണ്ട് കോടി രൂപ വരെയുള്ള വായ്പകളുടെ കൂട്ടുപലിശയാണ് ഒഴിവാക്കുക. സുപ്രീംകോടതി നിർദ്ദേശപ്രകാരമാണ് നടപടി. പിഴപ്പലിശ ഒഴിവാക്കാൻ തീരുമാനിച്ചെങ്കിൽ അത് നടപ്പാക്കാൻ എന്തിനാണ് വൈകുന്നതെന്ന് കോടതി ചോദിച്ചിരുന്നു. 

മോറട്ടോറിയം കാലത്തെ ബാങ്കുവായ്പകളുടെ കൂട്ടുപലിശ ഒഴിവാക്കുമെന്ന് കഴിഞ്ഞ ആഴ്ച കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. തീരുമാനം എടുത്തെങ്കിൽ എന്തുകൊണ്ട് അത് നടപ്പാക്കുന്നില്ല എന്ന് വിമര്‍ശിച്ച സുപ്രീംകോടതി നവംബര്‍ 2 നകം ഉത്തരവിറക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പരാമര്‍ശം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കൂട്ടുപലിശ ഒഴിവാക്കിക്കൊണ്ടുള്ള മാര്‍ഗ്ഗരേഖ കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കിയിരിക്കുന്നത്. തീരുമാനം നവംബര്‍ 5 നകം നടപ്പാക്കും. കൂട്ടുപലിശ ഈടാക്കിയ ബാങ്കുകൾ അത് തിരിച്ചുനൽകണമെന്നും മാർഗരേഖയില്‍ പറയുന്നു.

ഭവന വായ്പകൾ, വിദ്യാഭ്യാസ വായ്പകൾ, വാഹന വായ്പ, ക്രെഡിറ്റ് കാര്‍ഡ് വായ്പകൾ, എം.എസ്.എം.ഇ വായ്പകൾ തുടങ്ങിയവയുടെ കൂട്ടുപലിശയാണ് ഒഴിവാക്കുക. ഇതിൽ കാര്‍ഷിക വായ്പകൾ ഉൾപ്പെടുന്നില്ല. കൂട്ടുപലിശ ഒഴിവാക്കാൻ സര്‍ക്കാര്‍ 6500 കോടി രൂപ ബാങ്കുകൾക്ക് നൽകും. മോറട്ടോറിയം കാലത്തെ വായ്പകളുടെ പലിശ കൂടി ഒഴിവാക്കണമെന്ന ആവശ്യവും സുപ്രീംകോടതിക്ക് മുമ്പിലുണ്ട്. അക്കാര്യങ്ങൾ നവംബര്‍ 2ന് കോടതി പരിശോധിക്കും.

You might also like

  • Straight Forward

Most Viewed