ബഹ്റൈനിലെ പതിനെട്ടാമത് ശാഖ തുറന്ന് നെസ്റ്റോ ഹൈപ്പർമാർക്കറ്റ്


മനാമ:

ഗൾഫ് മേഖലയിലെ പ്രമുഖ ചില്ലറ വ്യാപാര ശൃംഖലയായ നെസ്റ്റോ ഗ്രൂപ്പ് മുഹറഖിലെ ബുസൈതീനിൽ ഉത്സവഛായയിൽ പുതിയ ഹൈപ്പർമാർക്കറ്റ് ശാഖ തുറന്നു. അത്യാധുനിക സൗകര്യങ്ങളോടെ സജ്ജീകരിച്ചിരിക്കുന്ന സ്റ്റോറിൽ ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങളുടെ വിപുലമായ ശ്രേണിയാണ് ഒരുക്കിയിരിക്കുന്നത്. നെസ്റ്റോയുടെ ബഹ്‌റൈനിലെ 18-ാമത്തെയും മിഡിൽ ഈസ്റ്റിലെ 124-ാമത്തെയും ശാഖയാണ് പൊതുജനങ്ങൾക്കായി തുറന്നു നൽകിയത്. രാവിലെ 8 മുതൽ അർദ്ധരാത്രി വരെയാണ് ഈ ശാഖയുടെ പ്രവർത്തന സമയം.

article-image

ആഭ്യന്തര, വിദേശ വ്യാപാര അസി. അണ്ടർസെക്രട്ടറി ഷെയ്ഖ് ഹമദ് ബിൻ സൽമാൻ അൽ ഖലീഫ പുതിയ ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്തു. പാർലമെന്റ് അംഗം ഹമദ് അൽ ദോയ് , മുനിസിപ്പാലിറ്റി കൗൺസിൽ ഹെഡ് എ അസീസ് അൽ നാർ, നെസ്റ്റോയെ പ്രതിനിധീകരിച്ച്‌ ഹാഷിം മാണിയോത്ത് (മാനേജിംഗ് ഡയറക്ടർ), അർഷാദ് ഹാഷിം (എക്‌സിക്യൂട്ടീവ് ഡയറക്ടർ), മുഹമ്മദ് ആത്തീഫ് (ഡയറക്ടർ), മുഹമ്മദ് ഹനീഫ് (ജനറൽ മാനേജർ), അബ്ദു ചെട്ടിയാങ്കണ്ടിയിൽ (ഹെഡ് ഓഫ് ബൈയിംഗ്) എന്നിവരും മറ്റു അതിഥികളും പങ്കെടുത്തു. പുതിയ ഹൈപ്പർമാർക്കറ്റിൽ ആഗോളതലത്തിൽ ലഭ്യമായ പുത്തൻ ഉൽപന്നങ്ങൾ, ബേക്കറി സാധനങ്ങൾ, പച്ചക്കറികൾ,മറ്റു നിത്യോപയോഗ സാധനങ്ങൾ എന്നിവയാണ് ഒരു കുടക്കീഴിൽ ഒരുക്കിയിരിക്കുന്നത്. 100 വാഹനങ്ങൾക്കായുള്ള വിശാലമായ പാർക്കിംഗ് സൗകര്യവും ഇവിടെ ഉണ്ട്. തടസ്സങ്ങളില്ലാത്ത ഷോപ്പിംഗ് അനുഭവം ഉറപ്പാക്കുന്ന ചെക്ക്ഔട്ട് കൗണ്ടറുകളും ഉപഭോക്താക്കൾക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്.

article-image

മുഹറഖിലെയും സമീപ പ്രദേശങ്ങളിലെയും ഉപഭോക്താക്കൾക്കായി മറ്റൊരു ഹൈപ്പർമാർക്കറ്റ് കൂടി തുറക്കുന്നതിൽ സന്തോഷമുണ്ടെന്ന് നെസ്റ്റോ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ അർഷാദ് ഹാഷിം കെ.പി പറഞ്ഞു. നെസ്റ്റോയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിൽ തുടർച്ചയായി പിന്തുണ നൽകുന്ന ബഹ്‌റൈൻ രാജാവ് ഷെയ്ഖ് ഹമദ് ബിൻ ഈസ അൽ ഖലീഫക്കും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഷെയ്ഖ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫക്കും ബഹ്‌റൈനിലെ ജനങ്ങൾക്കും നെസ്റ്റോ അധികൃതർ നന്ദി അറിയിച്ചു. ഗുണനിലവാരം, താങ്ങാനാവുന്ന വില, സുസ്ഥിരത എന്നിവയോടുള്ള നെസ്റ്റോയുടെ പ്രതിബദ്ധത അതിന്റെ പുതിയ ശാഖകളുടെ വ്യാപനത്തിന് പ്രേരകശക്തിയായി തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

You might also like

  • Straight Forward

Most Viewed