പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ട്രോഫി ടൂറിന് ബഹ്റൈനിൽ വൻ വരവേൽപ്പ് നൽകി
ഈ വർഷം ഒക്ടോബർ, നവംബർ മാസങ്ങളിൽ ഇന്ത്യയിൽ അരങ്ങേറുന്ന പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ട്രോഫിയുടെ ആഗോള പര്യടനത്തിന്റെ ഭാഗമായി ബഹ്റൈനിലെ എത്തിയ ട്രോഫി ടൂറിന് ബഹ്റൈനിൽ വൻ വരവേൽപ്പ് നൽകി ക്രിക്കറ്റ് ആരാധാകർ. രണ്ട് ദിവസങ്ങളിലായാണ് പ്രചരണം നടന്നത്. സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്‌പോർട്‌സ് ഫസ്റ്റ് ഡപ്യൂട്ടി ചെയർമാനും ജനറൽ സ്‌പോർട്‌സ് അതോറിറ്റി പ്രസിഡന്റും ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി മേധാവിയുമായ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ ട്രോഫി അനാച്ഛാദന ചടങ്ങിൽ പങ്കെടുത്തു. ബഹ്റൈൻ ക്രിക്കറ്റ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ ജുഫൈറിലെ അൽനജ്മ ക്ലബ്ബിൽനിന്ന് പുറപ്പെട്ട റോഡ് ഷോ ബാബ് അൽ ബഹ്റൈൻ, ബഹ്റൈൻ ബേ എന്നീ സ്ഥലങ്ങളിലൂടെ കടന്ന് ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ടിലാണ് സമാപിച്ചത്.
ക്രിക്കറ്റ് താരങ്ങൾ ഉൾപ്പെട്ട റോഡ് ഷോയിൽ നിരവധി ബൈക്കുകളും, കാറുകളും അകടമ്പടിയായി ഒത്തു ചേർന്നു. ഇന്ത്യയിൽ നിന്ന് ആരംഭിച്ച പര്യടനം സെപ്തംബർ നാലിന് ആതിഥേയ രാജ്യത്തേക്ക് മടങ്ങിയെത്തും. ഇന്ത്യ, ന്യൂസിലാൻഡ്, ഓസ്ട്രേലിയ, യു.എസ്.എ, വെസ്റ്റ്ഇൻഡീസ്,പാകിസ്താൻ, ശ്രീലങ്ക,ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾ പിന്നിട്ടാണ് ട്രോഫി കഴിഞ്ഞ ദിവസം ബഹ്റൈനിൽ എത്തിച്ചേർന്നത്. ഇറ്റലി, ഫ്രാൻസ്, ഇംഗ്ലണ്ട്, മലേഷ്യ, ഉഗാണ്ട, നൈജീരിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ പ്രദർശനത്തിന്ശേഷം സെപ്റ്റംബർ നാലിന് ട്രോഫി പ്രയാണം ഇന്ത്യയിൽ തിരികെ എത്തും.
sertes

