ബഹ്റൈനിൽ ഇ-പാസ്പോർട്ട് നിലവിൽവന്നു

ബഹ്റൈനിൽ ഇ-പാസ്പോർട്ട് നിലവിൽവന്നു. ആഭ്യന്തര മന്ത്രി കേണൽ ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ ഇ പാസ്പോർട്ടിന്റെ ലോഞ്ചിംഗ് നിർവഹിച്ചു. സംവിധാനങ്ങൾ ആധുനികവൽക്കരിക്കുക എന്ന രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെയും കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെയും ആഗ്രഹമനുസരിച്ചാണ് ജനങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ പുതിയ സംവിധാനം ഏർപ്പെടുത്തുന്നതെന്ന് മന്ത്രി പറഞ്ഞു.
മൂന്നു ഘട്ടമായി രാജ്യത്തെ മുഴുവൻ പൗരന്മാർക്കും സംവിധാനം ലഭ്യമാക്കും. നാഷനാലിറ്റി, പാസ്പോർട്ട്സ് ആൻഡ് റെസിഡന്റ്സ് അഫയേഴ്സ് വിഭാഗത്തിന്റെ മുൻകൈയിലാണ് ആധുനിക സംവിധാനം സാധ്യമാക്കിയത്. സാധാരണ പാസ്പോർട്ട്, ഡിേപ്ലാമാറ്റിക് പാസ്പോർട്ട്, സ്‍പെഷൽ പാസ്പോർട്ട്, ട്രാവൽ ഡോക്യുമെന്റ് എന്നിവ ഇ-പാസ്പോർട്ടാക്കി മാറ്റിയിട്ടുണ്ട്. വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി, ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ, ടെലികോം, ഗതാഗത മന്ത്രി മുഹമ്മദ് ബിൻ ഥാമിർ അൽ കഅ്ബി, പബ്ലിക് സെക്യൂരിറ്റി ചീഫ് മേജർ ജനറൽ താരിഖ് ബിൻ ഹസൻ അൽ ഹസൻ, ഗവർണർമാർ, ആഭ്യന്തര മന്ത്രാലയ അണ്ടർ സെക്രട്ടറിമാർ, ഉയർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. നഗ്നനേത്രങ്ങൾകൊണ്ട് കാണാനാവുന്നതും അല്ലാത്തതുമായ സുരക്ഷ സംവിധാനങ്ങൾ പാസ്പോർട്ടിൽ ഒരുക്കിയിട്ടുണ്ട്.
മൈക്രോചിപ്പുകൾ ഘടിപ്പിച്ച രീതിയിലാണ് പുറംചട്ട സംവിധാനം ചെയ്തിരിക്കുന്നത്. രാജ്യത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം വിവരിക്കുന്ന പശ്ചാത്തല ചിത്രങ്ങളോടെയാണ് ഓരോ പേജും ഡിസൈൻ ചെയ്തിരിക്കുന്നത്. പവിഴ ഖനനത്തിൽ തുടങ്ങി ആദ്യത്തെ എണ്ണക്കിണർ സ്ഥാപിക്കുന്നതടക്കമുള്ള ദൃശ്യങ്ങളും ഉൾച്ചേർത്തിട്ടുണ്ട്. രാജ്യത്തിന്റെ പൈതൃകം സംബന്ധിച്ച ധാരണ ലഭിക്കുന്നതോടൊപ്പം ഭാവിവികസനത്തിലേക്കുള്ള ദിശാസൂചിക കൂടിയാണ് പാസ്പോർട്ടിന്റെ സംവിധാനം. ആധുനിക സാങ്കേതിക വിദ്യ അനുവർത്തിക്കുന്ന എല്ലാ രാജ്യങ്ങൾക്കും സ്വീകാര്യമായ രീതിയിൽ അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായാണ് പാസ്പോർട്ട് പുറത്തിറക്കിയത്. ഇ-പാസ്പോർട്ടിന്റെ രൂപകൽപനയിലെ വിവിധ ഘട്ടങ്ങൾ ചടങ്ങിൽ പവർപോയന്റ് പ്രസന്റേഷൻ നടത്തി. പദ്ധതിയുടെ പുരോഗതി സംബന്ധിച്ച പ്രദർശനവും ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് ഒരുക്കിയിരുന്നു. 20 മുതൽ ഇ-പാസ്പോർട്ട് നടപ്പാക്കും.
hgfhgfhgf
hgfhgfhgf