പാനമയിൽ നടന്ന എട്ടാമത് ആഗോള സമുദ്ര സമ്മേളനത്തിൽ പങ്കെടുത്ത് ബഹ്റൈൻ പ്രതിനിധി സംഘം

പാനമയിൽ നടന്ന എട്ടാമത് ആഗോള സമുദ്ര സമ്മേളനത്തിൽ അംബാസഡർ ശൈഖ ഐഷാ ബിൻത് അഹമ്മദ് ആൽ ഖലീഫയുടെ നേതൃത്വത്തിലുള്ള ബഹ്റൈൻ പ്രതിനിധി സംഘം പങ്കെടുത്തു. മാർച്ച് രണ്ട്, മൂന്ന് തീയതികളിൽ ‘ഔർ ഒഷീൻ, ഔർ കണക്ഷൻ’ എന്ന വിഷയത്തിലായിരുന്നു സമ്മേളനം.സമുദ്രത്തെയും ജലഉറവിടങ്ങളെയും മാലിന്യമുക്തമായി സംരക്ഷിക്കുക, സമുദ്ര സ്രോതസ്സുകളെ ദൃഢീകരിക്കുക തുടങ്ങിയ ആഗോളലക്ഷ്യങ്ങളോടുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് സമ്മേളനത്തിൽ പങ്കെടുത്തതെന്ന് അംബാസഡർ അറിയിച്ചു. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെയും നേതൃത്വത്തിൽ സർക്കാർ ഈ ദിശയിലുള്ള നയങ്ങൾ നടപ്പാക്കിവരുകയാണ്. 190 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. കാലാവസ്ഥമാറ്റം, സമുദ്രജല മലിനീകരണം, ബ്ലൂ ഇക്കോണമി തുടങ്ങിയ വിഷയങ്ങൾ ചർച്ചചെയ്തു. കടലിലെ ജൈവവൈവിധ്യങ്ങളെ സംരക്ഷിക്കുന്നതോടൊപ്പം ഉത്തരവാദപരമായ ടൂറിസം സാധ്യതകളെ പരിപോഷിപ്പിക്കുകയും സമ്മേളനത്തിന്റെ ലക്ഷ്യമായിരുന്നു. കടലിലെ ആവാസവ്യവസ്ഥയെ ഗുരുതരമായി ബാധിക്കുന്ന മാനുഷികപ്രവർത്തനങ്ങളെ നിയന്ത്രിക്കണമെന്ന അഭിപ്രായവും സമ്മേളനവേദിയിലുയർന്നു. എല്ലാ രാജ്യങ്ങളുടെയും സഹകരണത്തോടെ, സാമ്പത്തിക സാഹചര്യങ്ങൾ പരിഗണിച്ച് പ്രവർത്തനം ഊർജിതമാക്കാൻ സമ്മേളനം തീരുമാനിച്ചിട്ടുണ്ട്.
mhvvjhvj