ബഹ്‌റൈൻ ഇന്റർനാഷനൽ സീരീസ് ബാഡ്മിന്റൺ ടൂർണമെന്റ് ഇന്ത്യൻ ക്ലബിൽ ആരംഭിച്ചു

ബഹ്റൈൻ ഇന്ത്യൻ ക്ലബ് സംഘടിപ്പിക്കുന്ന ബഹ്‌റൈൻ ഇന്റർനാഷനൽ സീരീസ് ബാഡ്മിന്റൺ ടൂർണമെന്റ് ആരംഭിച്ചു. ബഹ്‌റൈൻ ബാഡ്മിന്റൺ ആൻഡ് സ്ക്വാഷ് ഫെഡറേഷനുമായി സഹകരിച്ച് നടത്തുന്ന ടൂർണമെന്റ് നവംബർ 27വരെ നീണ്ടുനിൽക്കും. 26 രാജ്യങ്ങളിൽനിന്നുള്ള 196 താരങ്ങൾ ടൂർണമെന്റിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ബഹ്റൈനിലെ ഏറ്റവും വലിയ രാജ്യാന്തര ബാഡ്മിന്റൺ ടൂർണമെന്റിനാണ് ഇന്ത്യൻ ക്ലബ് വേദിയൊരുക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. ബഹ്‌റൈനിലെ കളിക്കാർക്ക് പുറമെ, ഇന്ത്യ, ആസ്‌ട്രേലിയ, അസർബൈജാൻ, ചൈനീസ് തായ്പേയ്, ഇംഗ്ലണ്ട്, ഫിൻലൻഡ്, ജർമനി, ഇന്തോനേഷ്യ, ഇറ്റലി, സൗദി അറേബ്യ, മാലദ്വീപ്, മലേഷ്യ, തായ്‌ലൻഡ്, ശ്രീലങ്ക, യുക്രെയ്ൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള ബാഡ്മിന്റൺ താരങ്ങളും ടൂർണമെന്റിൽ പങ്കെടുക്കും.
ഇന്ത്യയിൽനിന്നുള്ള പുരുഷ ഡബ്ൾസ് താരങ്ങളായ ശ്യാം പ്രസാദ്, എസ്. സുഞ്ജിത്ത് എന്നിവരും പങ്കെടുക്കുന്നുണ്ട്. 55 താരങ്ങളാണ് ഇന്ത്യയിൽ നിന്ന് എത്തുന്നത്. പുരുഷ, വനിത സിംഗിൾസ്, ഡബ്ൾസ്, മിക്സഡ് ഡബ്ൾസ് എന്നീ വിഭാഗങ്ങളിൽ മത്സരങ്ങൾ നടക്കും. രാവിലെ 9.30ന് ആരംഭിക്കുന്ന മത്സരങ്ങൾ രാത്രി ഒമ്പതുമണി വരെ നീണ്ടുനിൽക്കും. കൂടുതൽ വിവരങ്ങൾക്ക് 17253157 അല്ലെങ്കിൽ 3773 3499 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. ഇന്ത്യൻ ക്ലബ് പ്രസിഡന്റ് കെ.എം. ചെറിയാൻ, ജനറൽ സെക്രട്ടറി സതീഷ് ഗോപിനാഥ് തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
ോ