സന്ദർശക വിസയിൽ വരുന്നവരെ കർശന പരിശോധനയ്ക്ക് വിധേയരാക്കും


ബഹ്റൈനിലേയ്ക്ക് വിസിറ്റ് വിസയിൽ വരുന്നവർക്കുള്ള നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. വിനോദസഞ്ചാരികൾ എന്ന രീതിയിൽ നൽകുന്ന വിസ ഉപയോഗിച്ച് നിയമവിരുദ്ധമായി ജോലികളിൽ ഏർപ്പെടുന്നവരുടെ എണ്ണം വർദ്ധിക്കുന്ന ഒരു സാഹചര്യം നിലനിൽക്കുന്നത് കണക്കിലെടുത്താണ് സന്ദർശക വിസയിൽ വരുന്നവരെ കർശന പരിശോധനയ്ക്ക് വിധേയരാക്കുന്നത് എന്നാണ് അറിയുന്നത്. നിരവധി പേർക്കാണ് വേണ്ട മാനദണ്ഠങ്ങൾ അനുസരിക്കാത്തത് കാരണം ബഹ്റൈൻ വിമാനത്താവളത്തിൽ നിന്ന് തന്നെ തിരികെ പോകേണ്ടി വന്നത്. പ്രമുഖ എയർലൈൻസ് കമ്പനിയായ ഗൾഫ് എയർ പുറത്ത് വിട്ട സർക്കുലർ പ്രകാരം ബഹ്റൈനിൽ ഉപയോഗിക്കാൻ കഴിയുന്ന ക്രെഡിറ്റ് കാർഡ്, അല്ലെങ്കിൽ താമസിക്കുന്ന ഓരോ ദിവസത്തെയും ചിലവിനായി അമ്പത് ദിനാർ വീതം കൈവശമുണ്ടാകണമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഇതോടൊപ്പം ഹൊട്ടൽ ബുക്കിങ്ങോ, ബഹ്റൈനിൽ ആരുടെ സ്പോൺസർഷിപ്പിലാണോ വരുന്നത് അവരുടെ ഇലക്ട്രിസിറ്റി ബിൽ അല്ലെങ്കിൽ വാടക കരാർ എന്നിവ വേണമെന്നും, ഇത് കവറിങ്ങ് ലെറ്റർ, സിപിആർ റീഡർകോപ്പി എന്നിവയോടൊപ്പമാണ് കരുതേണ്ടതെന്നും സർക്കുലർ നിർദേശിക്കുന്നു. കൂടാതെ റിട്ടേൺടിക്കറ്റും നിർബന്ധമാണ്.  എന്തായാലും ഈ നിർദേശങ്ങളിൽ കൂടുതൽ വ്യക്തത അടുത്ത ദിവസങ്ങളിൽ വരുമെന്നാണ് ട്രാവൽ മേഖലയിൽ നിന്ന് ലഭിക്കുന്ന സൂചന.

You might also like

Most Viewed