ബഹ്റൈനിൽ കോമൺ യൂനിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് നടത്തി
ബഹ്റൈനിൽ ഇത് ആദ്യമായി കോമൺ യൂനിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് നടത്തി. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് മാഹൂസിലെ ലോറൽസ് സെന്‍റർ ഫോർ ഗ്ലോബൽ എജുക്കേഷനിൽ പരീക്ഷ നടന്നത്. ഇന്ത്യയിലെ 45 കേന്ദ്ര സർവകലാശാലകളിലെ വിവിധ ബിരുദ, ബിരുദാനന്തര, ഡിപ്ലോമ, സർട്ടിഫിക്കേഷൻ കോഴ്‌സുകൾ, ഗവേഷണ പ്രോഗ്രാമുകൾ എന്നിവയിലേക്കുള്ള പ്രവേശനത്തിനായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള നാഷനൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന അഖിലേന്ത്യ പരീക്ഷയാണ് കോമൺ യൂനിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്. നാഷനൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന ജെ.ഇ.ഇ പരീക്ഷകൾ, ഐ.ഐ.ടി മദ്രാസ് നടത്തുന്ന ബി.എസ് പ്രോഗ്രാം പരീക്ഷകൾ എന്നിവയുടെ കേന്ദ്രം കൂടിയാണ് ലോറൽസ് സെന്‍റർ ഫോർ ഗ്ലോബൽ എജുക്കേഷൻ. വിവിധ പരീക്ഷകൾ വിജയകരമായ നടത്തുന്നതിനുള്ള അംഗീകാരമായാണ് സി.യു.ഇ.ടി പരീക്ഷ നടത്താൻ സാധിച്ച അവസരത്തെ കാണുന്നതെന്ന് ലോറൽസ് സെന്‍റർ ഫോർ ഗ്ലോബൽ എജുക്കേഷൻ ഡയറക്ടർ അഡ്വ. അബ്ദുൽ ജലീൽ അബ്ദുല്ല പറഞ്ഞു.
