ബഹ്റൈൻ ഇന്ത്യൻ എംബസി ഓപൺ ഹൗസ് സംഘടിപ്പിച്ചു
പ്രവാസി ഇന്ത്യക്കാരുടെ വിവിധ തൊഴിൽ, കോൺസുലാർ പരാതികളിൽ പരിഹാരം കാണുന്നതിന് വേണ്ടി ബഹ്റൈൻ ഇന്ത്യൻ എംബസി ഓപൺ ഹൗസ് സംഘടിപ്പിച്ചു. ഐ.സി.ആർ.എഫ്, വേൾഡ് എൻ.ആർ.ഐ കൗൺസിൽ, ബഹ്റൈൻ കേരളീയ സമാജം, ഐ.എച്ച്.ആർ.സി തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളും ഓപൺ ഹൗസിൽ പങ്കെടുത്തു. അസിലോൺ കോൺട്രാക്ടിങ്, മാഗ്നം ഷിപ് കെയർ കമ്പനി എന്നിവയിലെ തൊഴിലാളികളുടെ ശമ്പളപ്രശ്നം അധികൃതരുടെ സഹായത്തോടെ ചർച്ച ചെയ്ത് പരിഹരിച്ചതായി അംബാസഡർ പിയൂഷ് ശ്രീവാസ്തവ ഓപ്പൺ ഹൗസിൽ അറിയിച്ചു. 21 തൊഴിലാളികൾക്കാണ് ഇതുവഴി പ്രയോജനം ലഭിച്ചത്. ജയിലിൽ കഴിയുകയായിരുന്ന 16 ഇന്ത്യൻ തടവുകാർക്ക് എമർജൻസി സർട്ടിഫിക്കറ്റ് നൽകുന്നതിന് ഇന്ത്യൻ കമ്യൂണിറ്റി ക്ഷേമനിധി മുഖേന സാമ്പത്തിക സഹായം ലഭ്യമാക്കിയതായും, ഒരാൾക്ക് വിമാന ടിക്കറ്റ് നൽകിയതായും സ്ഥാനപതി അറിയിച്ചു.
